പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് ഭക്തർ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.

നാളെ സന്നിധാനത്തെത്തിച്ച് അയ്യപ്പനു ചാർത്തി ദീപാരാധനയ്ക്കായി നട തുറക്കുമ്പോൾ, ലക്ഷക്കണക്കിന് ഭക്തർക്ക് ദ‌‌ർശന പുണ്യമേകി കിഴക്കൻ ചക്രവാളത്തിൽ മകരസംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

വൃശ്ചികം ഒന്നു മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ 4ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ച് ദർശനത്തിനു വച്ചു. കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതിനാൾ രാമവർമ്മ രാജയുടെ അസൗകര്യം കാരണം മൂന്നാം തലമുറയിലെ ചതയം നാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ.
11ന് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ചേർന്ന് രാമവർമ്മ രാജയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. രാജപ്രതിനിധി ഉത്രംനാൾ പ്രദീപ്കുമാർ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നു സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
12.45ന് ക്ഷേത്രമേൽശാന്തി വിഷ്ണു നമ്പൂതിരി പൂജിച്ചു നൽകിയ ഉടവാൾ ഇളയ തമ്പുരാൻ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേൽശാന്തി പേടകത്തിൽ നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കിയതോടെ രാജപ്രതിനിധി പല്ലക്കിലേറി.

ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിന് പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. ഇൗ സമയം ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. ദേവസ്വം അധികൃതരും ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി. കമൻഡാന്റ് കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും അനുഗമിക്കുന്നുണ്ട്.
ഘോഷയാത്രാ സംഘം ഇന്നലെ രാത്രി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം പുലർച്ചെ 2ന് പുറപ്പെട്ടു. ളാഹയിൽ വനംവകുപ്പിന്റെ സത്രത്തിൽ ഇന്ന് രാത്രി വിശ്രമിക്കും. നാളെ ഉച്ചയ്ക്ക് നീലിമലയിലെത്തി രാജപ്രതിനിധിയുടെ അനുഗ്രഹം വാങ്ങിയ ശേഷം മല കയറും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. മേൽശാന്തിയും തന്ത്രിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങും.