കഴിഞ്ഞ 20 വർഷങ്ങളായി മുംബയ് പൊലീസിന്റെ കൈകൾ എത്താനാകാത്തിടത്തായിരുന്നു അയാൾ. അധോലോകത്തെ പിടികിട്ടാ ക്രിമിനൽ! കൈയുംകണക്കുമില്ലാതെ കുറ്റകൃത്യങ്ങൾ ഒരു പശ്ചാത്താപവുമില്ലാതെ ചെയ്ത് കൂട്ടിയ മനുഷ്യൻ. ഛോട്ടാരാജന്റെ ' കോൾഡ് ബ്ലഡഡ് ' കൂട്ടാളി. അതാണ് ഇജാസ് യൂസഫ് ലഖ്ഡാവാല. അയാൾ കൊന്നെന്ന് പറയപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ടായിരുന്നു. വർക്കല സ്വദേശി തക്കിയുദ്ദീൻ വാഹിദായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പ്രൈവറ്റ് പാസഞ്ചർ എയർലൈൻ സർവീസായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഈസ്റ്റ് വെസ്റ്റ് സ്ഥാപിതമായി മൂന്നാം വർഷം 1995ൽ തക്കിയുദ്ദീൻ വെടിയേറ്റു മരിച്ചു.
ഇജാസ് ഉൾപ്പെടെ അഞ്ച് പേരായിരുന്നു കേസിലെ പ്രതികൾ. ഇജാസിന്റെ പേര് പിന്നീടാണ് പ്രതിപ്പട്ടികയിൽ പൊലീസ് ചേർത്തത്. അധോലോക നേതാവ് ഛോട്ടാ രാജന്റെ നിർദേശപ്രകാരമായിരുന്നു തക്കിയുദ്ധീനെ വധിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്‌ച ബീഹാറിലെ പാട്നയിൽ വച്ച് ഇജാസ് അറസ്റ്റിലായത്. മുംബയ് ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്ടോർഷൻ സെല്ലിന്റെ നേതൃത്വത്തിൽ ആറ് മാസം നീണ്ട കഠിനമായ പ്രയത്നത്തിന് ശേഷമാണ് ഇജാസിനെ വലയിൽ വീഴ്ത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാരാജന്റെയും സംഘത്തിലെ അംഗമായിരുന്നു ഇജാസ്. മുംബയിലെത്തിച്ച ഇജാസ് 21 വരെ പൊലീസ് കസ്റ്റഡിയിൽ തുടരും. 1997 മുതൽ കാനഡ, കൊളംബിയ, മലേഷ്യ, നേപ്പാൾ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലായിരുന്നു ഇജാസിന്റെ വാസം. ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇജാസിൽ നിന്നും അറിയാനാകുമെന്നാണ് മുംബയ് പൊലീസ് കണക്കു കൂട്ടുന്നത്.
വലവിരിച്ച പൊലീസ്
കഴിഞ്ഞ ഡിസംബർ 28നാണ് വ്യാജ പാസ്പോർട്ടുമായി ഇജാസിന്റെ മകൾ ഷിഫ ഷാഹിദ് ഷെയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വയസുകാരിയായ മകളുമായി നേപ്പാളിലേക്ക് കടക്കാനായിരുന്നു ഷിഫയുടെ പദ്ധതി. ഇജാസിനായി വലവിരിച്ചിരുന്ന പൊലീസിന് ഷിഫയുടെ അറസ്റ്റ് നിർണായകമായി. ഇജാസ് വടക്കേ ഇന്ത്യയിലോ നേപ്പാളിലോ ഉണ്ടെന്ന് പൊലീസ് മനസിലാക്കി. ഷിഫ നൽകിയ വിവരമനുസരിച്ച് പാട്നയിലെത്തിയ ഇജാസിനെ പൊലീസ് പിടികൂടുകയായിരുന്നു.
വഴുതി മാറിയ വമ്പൻ സ്രാവ്
1969ൽ മാഹിമിൽ ജനിച്ച ഇജാസ് പിന്നീട് ജോഗേശ്വരിയിലേക്ക് താമസം മാറി. കോൺവെന്റ് സ്കൂളിൽ പഠിക്കവെ 8ാം ക്ലാസിൽ വച്ച് സഹപാഠിയെ കോമ്പസ് കൊണ്ട് ആക്രമിച്ച ഇജാസിന് ജുവനൈൽ ഹോം വാസവും ലഭിച്ചിരുന്നു. ഇജാസ് ചെറുപ്പത്തിൽ തന്നെ തന്റെ ക്രിമിനൽ വാസന പുറത്തെടുത്തയാളാണ്. തന്റെ സ്കൂൾ ടീച്ചറെ ആക്രമിച്ച ഇജാസിന്റെ കഥ ജോഗേശ്വരിയിലെ തെരുവുകൾക്ക് പുതുമയല്ല. 80കളിൽ ദാവൂദിന്റെ ഡി - കമ്പനിയിലെ അംഗമായിരുന്നു ഇജാസ്.
21കാരനായ ഇജാസ് 1987ൽ ജോഗേശ്വരിയിലെ ലോക്കൽ ഗുണ്ടയായ കാശി പാശിയുമായി സൗഹൃദത്തിലായി. കാശിയുടെ ആജ്ഞയനുസരിച്ച് ഇജാസ് ശത്രുവായ ബാബാ സിംഗിന്റെ കൂട്ടാളിയെ കൊന്നു. പൊലീസിന്റെ പിടിയിലായ ഇജാസ് ജയിൽ വാസത്തിനിടെയാണ് ഛോട്ടാ രാജന്റെ കൂട്ടാളികളെ പരിചയപ്പെടുന്നത്. 1993ലെ മുംബയ് സ്ഫോടന പരമ്പരയെ തുടർന്നുണ്ടായ ഭിന്നത ദാവൂദ് ഇബ്രാഹിമിനെയും ഛോട്ടാ രാജനെയും ശത്രുക്കളാക്കിയ സമയമായിരുന്നു അത്. ഛോട്ടാ രാജന്റെ ആദ്യത്തെ കൂട്ടാളികളിൽ ഒരാളായാണ് ഇജാസിനെ കണക്കുകൂട്ടുന്നത്. 18 വർഷം ഇജാസ് ഛോട്ടാ രാജനൊപ്പം പ്രവർത്തിച്ചു.
1993ൽ മുംബയ് സ്ഫോടന കേസിലെ കുറ്റംചുമത്തപ്പെട്ട റാസിയെയും ബിസിനസുകാരനായ ഫാരിദ് ലാദിയെയും രാജന്റെ നിർദ്ദേശമനുസരിച്ച് ഇജാസ് കൊലപ്പെടുത്തി. ക്രിക്കറ്റ് കളിക്കിടെയുള്ള തർക്കത്തിനിടെ ഹാരൺ മേത്തയെന്നയാൾ കൊല്ലപ്പെട്ട കേസിൽ ഇജാസ് 1998ൽ നാസിക് ജയിലിലായെങ്കിലും പൊലീസിനെ വെട്ടിച്ച് മുങ്ങി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അസ്വാരസ്യത്തെ തുടർന്ന് ഛോട്ടാ രാജനുമായി വേർപിരിഞ്ഞ ഇജാസ് 2001ലാണ് സ്വന്തം ഗ്യാംഗ് രൂപീകരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്ത്യയിലില്ലായിരുന്നുവെങ്കിലും ഫോൺ കോളുകളിലൂടെയുള്ള ഇജാസിന്റെ ഭീഷണികൾക്ക് കുറവൊന്നുമില്ലായിരുന്നു. ബിൽഡർമാർ, ബിസിനസുകാർ, സിനിമാ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവരെ വിളിച്ച് ഇജാസ് ഭീക്ഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഇതേവരെ ഇജാസിന്റെ കൂട്ടാളികളിൽ ഏകദേശം 6 പേരെങ്കിലും കൊല്ലപ്പെട്ടുകാണും.
2002ൽ ഇജാസിനെതിരെ പ്രതികാരം വീട്ടാനുള്ള ഒരവസരം ബാങ്കോങ്കിൽ വച്ച് ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലിന് ലഭിച്ചു. ഷക്കീലിന്റെ നിർദ്ദേശമനുസരിച്ച് കൂട്ടാളികൾ ബാങ്കോക്കിലെ ഒരു മാർക്കറ്റിൽ വച്ച് ഇജാസിനെ ആക്രമിച്ചു. ഏഴ് വെടിയുണ്ടകൾ തറച്ചെങ്കിലും ഇജാസ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് കാനഡയിലേക്ക് ചേക്കേറി. കറാച്ചിയിൽ വച്ച് ദാവൂദിനെ കൊല്ലാൻ ഇജാസ് പദ്ധതിയിട്ടെങ്കിലും പാളി. ഇജാസിന്റെ ബോസായിരുന്ന ഛോട്ടാ രാജന് ബാങ്കോക്കിലെ ഒരു ഹോട്ടലിൽ വച്ച് വധശ്രമമുണ്ടായതിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇജാസിന് നേരെയും അതാവർത്തിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ട രാജനെ 2015ൽ ബാലിയിൽ വച്ച് അറസ്റ്റ് ചെയ്‌തിരുന്നു. രാജൻ ഇപ്പോൾ തീഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 2017ൽ വ്യാജപാസ്‌പോർട്ട് കേസിൽ 7 വർഷവും, 2018ൽ മാദ്ധ്യമപ്രവർത്തകനായ ജെ ഡെയ് വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തവും ശിക്ഷ കോടതി ഛോട്ടാ രാജന് മേൽ ചുമത്തിയിരുന്നു. രാജന് മേൽ ആരോപിക്കപ്പെട്ട ഏകദേശം 70കളോളം കേസിൽ ഇനിയും വിചാരണ നടക്കാനുണ്ട്.