
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയും വളർച്ചാമുരടിപ്പും മറച്ചുവയ്ക്കുന്നതിന് വേണ്ടി നരേന്ദ്രമോദി സർക്കാർ രാജ്യത്തെ വിഭജിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. അതേസമയം രാജ്യത്തെ സർവകലാശാലകളിൽ പോയി വിദ്യാർത്ഥികളെ കാണാൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പൊലീസിന്റെ അകമ്പടിയില്ലാതെ ഏത് സർവകലാശാലയിലും പോകാം. അവിടെ ചെന്ന് വിദ്യാർത്ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാൻ പോകുന്നുവെന്നും പറയാന്‍ സാധിക്കുമോയെന്ന് രാഹുൽ ചോദിച്ചു.
യുവാക്കളോട് സംസാരിക്കാനും സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവരോട് പറയാനും മോദി ധൈര്യപ്പെടണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ല. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിദ്വേഷം പ്രചരിപ്പിച്ച് കേന്ദ്രസർക്കാർ ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നു എന്നാണ് സോണിയാഗാന്ധി യോഗത്തിന് ശേഷം ആരോപിച്ചത്. ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണത്തെ ദുരുപയോഗം ചെയ്യുകയുമാണ് സർക്കാർ. ഉത്തർപ്രദേശിലും ഡൽഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിഷേധക്കാരെ അവഗണിച്ചുകൊണ്ട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ജനങ്ങളെ ഭരിക്കാനും അവർക്ക് സുരക്ഷ നൽകാനുമുള്ള മോദി സർക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.