മനില: ഫിലിപ്പൈൻസ് തലസ്ഥാനമായ മനില അഗ്നിപർവത സ്ഫോടന ഭീഷണിയിൽ. ലോകത്തിലെ ഏറ്റവും ചെറിയ സജീവ അഗ്നിപർവതവും ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപർവതവുമായ താലിൽ നിന്ന് സ്ഫോടനത്തിന്റെ മുന്നൊരുക്കമെന്നോണം ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
അപടകസ്ഥിതി കണത്തിലെടുത്ത് സമീപത്തെ എണ്ണായിരത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. മനില വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. ഇടിമിന്നലും ഭൂചലനവും തുടർച്ചയായി ഉണ്ടാവുന്നു. ആകാശത്ത് നിന്ന് മഴയ്ക്ക് പകരം പെയ്യുന്നത് ചെളിയും കല്ലുകളുമാണ്. വാഹനങ്ങളെല്ലാം പൊടി കൊണ്ടുമൂടിയ അവസ്ഥയിലാണ്. 15 കിലോമീറ്റർ ദൂരത്തിൽ പുകയും ചാരവും വ്യാപിച്ചിട്ടുണ്ട്. തലിസായ് ടൗണിലേക്കുള്ള ഗതാഗതം നിറുത്തിവച്ചു. ലാവ പ്രവഹിക്കാൻ തുടങ്ങിയതോടെ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഫിലിപ്പൈൻസ് സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം നിറുത്തിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ പരിപാടികളും നിറുത്തിവച്ചതായി പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടർട്ട് അറിയിച്ചു.