g

കൊച്ചി: ഞങ്ങൾ വിലാസം നഷ്ടപ്പെട്ടവർ, കിടപ്പാടങ്ങളിൽ നിന്ന് ഇറക്കിവിടപ്പെട്ടവർ, അഭയാർത്ഥികൾ, മരടിലെ പൊളിച്ച ഫ്ളാറ്റുകളിൽ ജീവിച്ചിരുന്നവർ കണ്ണീരോടെ പറയുന്നു. ഫ്ളാറ്റുകൾ ഓരോന്നായി പൊളിഞ്ഞുവീഴുമ്പോഴുള്ള ആരവത്തിനും കൈയടിക്കുമിടയിൽ ഇവരുടെ പൊട്ടിക്കരിച്ചിൽ ആരും കേട്ടില്ല. ജനിച്ചു വളർന്ന വീട് തകരുന്നത് കുട്ടികളെ കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചവരും നിരവധിയാണ്. ടി.വിയിലെ ദൃശ്യങ്ങൾ കണ്ട് നെഞ്ചുപൊട്ടിയവരുടെ കണ്ണീർ തോരുന്നില്ല.

"ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു കെട്ടിടമല്ല, മേൽവിലാസമാണ്." ഹോളി ഫെയ്‌ത്ത് എച്ച് ടുവിലെ ഫ്ളാറ്റ് ഉടമയായിരുന്ന ബിനോജ് പറയുന്നു. "റേഷൻ കാർഡ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കാർഡ്, ആധാർ കാർഡ് എന്നിവയിലെല്ലാം ഞങ്ങളുടെ വിലാസം എച്ച്.ടു.ഒയാണ്. ഇനി പറയാൻ ആ വിലാസവുമില്ല. പൗരത്വം നഷ്ടപ്പെട്ടതുപോലെ വേദന. വിദേശത്ത് ജോലി ചെയ്യുന്ന 20 പേരുടെ പാസ്പോർട്ട് ഈ വിലാസത്തിലാണ്. പലർക്കും മറ്റു വീടില്ല. വാടക വീട്ടിലേക്കാണ് മാറിയത്. സ്വന്തമായി വിലാസമുണ്ടാക്കാൻ എന്ന് കഴിയും." അദ്ദേഹം ചോദിക്കുന്നു.

ഹോളിഫെയ്‌ത്തിലെ 90 അപ്പാർട്ടുമെന്റുകളിൽ 60 ലും സ്ഥിരം താമസക്കാരായിരുന്നു. വിദേശത്തുള്ളവർ അവധിക്കാലത്ത് താമസിച്ചിരുന്നു.

ഞങ്ങൾ അഭയാർത്ഥികൾ

"മറ്റാരോ ചെയ്ത തെറ്റിന് ഞങ്ങളെ ആട്ടിയിറക്കി. സാമാന്യം ഭേദപ്പെട്ട നിലയിൽ ജീവിച്ച ഞങ്ങളിപ്പോൾ ഒറ്റമുറിയും രണ്ടു മുറിയുമുള്ള വീടുകളിൽ വാടകയ്ക്ക് കഴിയുകയാണ്. രോഗികളും വൃദ്ധരുമായ പലരുടെയും സ്ഥിതി എന്തെന്ന് തിരിഞ്ഞുനോക്കാൻ ഇതുവരെ ആരും വന്നിട്ടില്ല." ഗോൾഡൻ കായലോരത്തെ താമസക്കാരനായിരുന്ന ഫ്രാൻസിസ് ജേക്കബ് പറയുന്നു.

"കഴിഞ്ഞ മാർച്ച് വരെ നഗരസഭയും സർക്കാരും ഞങ്ങളുടെ കരം വാങ്ങിച്ചിട്ടുണ്ട്. ഇറക്കിവിട്ടിട്ട് ആരും തിരിഞ്ഞുനോക്കാൻ വന്നില്ല. ദുരിതത്തിലാണ് പലരുടെയും ജീവിതം. നഷ്ടപരിഹാരമായി കിട്ടിയ തുക കൊണ്ട് കൊച്ചിയിൽ ഒരു വീട് വാങ്ങാൻ കഴിയില്ല.

ഒപ്പം ആരുമില്ല

ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും രാഷ്ട്രീയക്കാർക്കും നേരെയാണ് രോഷം കൂടുതൽ. പൊളിക്കലിനെതിരെ സമരം ചെയ്തപ്പോൾ പിന്തുണ അറിയിച്ചുവന്നവർ പിന്നീട് അന്വേഷിച്ചില്ല. ഇറങ്ങേണ്ടിവന്നാൽ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവരും മറന്നു. ജീവിച്ച സാഹചര്യങ്ങളിൽ നിന്ന് മാറി ബന്ധു വീടുകളിലും വാടകവീടുകളിലും കഴിയേണ്ടിവന്നതിന്റെ വേദനയാണ് പേരു വെളിപ്പെടുത്താൻ മടിച്ച് പലരും പങ്കുവച്ചത്. മാദ്ധ്യമങ്ങൾ ഫ്ളാറ്റ് പൊളിക്കൽ ആഘോഷിച്ചെന്നും തങ്ങളുടെ വേദന കണ്ടില്ലെന്നും പരിഭവപ്പെട്ടവരും പ്രതിഷേധിച്ചവരും അവരിലുണ്ട്.