ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിന് പൊലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നതിന് പിന്നാലെ ചികിത്സ നൽകിയ ഡോക്ടർ പ്രശാന്ത് ഉപാദ്ധ്യായയാണ് മരിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കി ഡോക്ടർ വിട്ടയച്ച പെൺകുട്ടിയുടെ പിതാവ് പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. കസ്റ്റഡി മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ജോലിയിൽ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സർക്കാർ ആശുപത്രിയിലാണ് പിന്നീട് ജോലി ചെയ്തത്.
ഇന്നലെ രാവിലെ പ്രശാന്തിന് ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിൽ പോകാൻ അദ്ദേഹം ആദ്യം വിസമ്മതിച്ചു.
പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സേംഗർ ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.