തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്ര് ഗ്രൂപ്പ് എയിൽ പഞ്ചാബിനെതിരെ കേരളത്തിന് 21 റൺസിന്റെ ത്രില്ലർ വിജയം. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളം ഉയർത്തിയ 146 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ ഏഴ് വിക്കറ്റുമായി കളം നിറഞ്ഞ ജലജ് സക്സേനയുടെ മികവിൽ 126 റൺസിൽ ഒതുക്കിയാണ് ആതിഥേയർ മികച്ച ജയം സ്വന്തമാക്കിയത്. സ്കോർ: കേരളം 226/10, 136/10. പഞ്ചാബ് 218/10, 136/10.
88/5 എന്ന നിലയിൽ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തെ 5 വിക്കറ്റെടുത്ത സിദ്ധാർത്ഥ് കൗളിന്റെയും 4 വിക്കറ്രെടുത്ത ഗുർകീരത്ത് സിംഗിന്റെയും മികവിൽ 136റൺസിൽ പഞ്ചാബ് ആൾ ഔട്ടാക്കി. ആദ്യ ഇന്നിംഗ്സിൽ 91 റൺസ് നേടി കേരളത്തിന്റെ രക്ഷകനായ സൽമാൻ നിസാർ രണ്ടാം ഇന്നിംഗ്സിൽ 28 റൺസുമായി പുറത്താകാതെ നിന്നു.
ജയം ഉറപ്പിച്ച് ബാറ്രിംഗിനിറങ്ങിയ പഞ്ചാബ് പക്ഷേ ജലജ് സക്സേനയുടെ സ്പിൻ മികവിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. കേരളത്തിനായി ബൗളിംഗ് ഓപ്പൺ ചെയ്ത സക്സേന 7 വിക്കറ്റുമായി പഞ്ചാബിന്റെ പ്രതീക്ഷകളെ പാതാളത്തിൽ താഴ്ത്തി. സിജോ ജോസഫ് രണ്ടും എം.ഡി നിധീഷ് ഒരു വിക്കറ്രും വീഴ്ത്തി. വാലറ്രക്കാരായ മകരന്ദ് മാർക്കണ്ഡേയ്ക്കും (23), സിദ്ധാർത്ഥ് കൗളിനും (22) മാത്രമാണ് പഞ്ചാബ് നിരയിൽ ഇരുപതിൽ കൂടുതൽ റൺസ് നേടാൻ കഴിഞ്ഞുള്ളൂ. കേരളത്തിന്റെ സീസണിലെ ആദ്യത്തെ ജയവും പഞ്ചാബിന്റെ ആദ്യത്തെ തോൽവിയുമാണ്.
7
പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്സിൽ എം.ഡി. നിധീഷും രണ്ടാം ഇന്നിംഗ്സിൽ ജലജ് സക്സേനയും 7 വിക്കറ്ര് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ കേരളത്തിനായി ബൗളിംഗ് ഓപ്പൺ ചെയ്തത് എം.ഡി നിധീഷും രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗ് ഓപ്പൺ ചെയ്ത ജലജ് സക്സേനയും ആയിരുന്നു എന്ന സാമ്യവും ഉണ്ട്.
20
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജലജ് സക്സേന 20-ാം തവണയാണ് അഞ്ചോ അതിലധികമോ വിക്കറ്റ് ഒരിന്നിംഗ്സിൽ നേടുന്നത്.
91 റൺസുമായി ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ നിന്ന് കേരളത്തെ ഇരുന്നൂറ് കടത്തി നിർണായക ബാറ്രിംഗ് പ്രകടനം നടത്തിയ സൽമാൻ നിസാറാണ് മാൻ ഒഫ് ദ മാച്ച്