
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിനെത്തിയ ഭക്തർക്ക് തിങ്കൾ മഹാത്മ്യവും ആയില്യവും ഒത്തുചേർന്ന പുണ്യ ദിനമായി ഇന്നലെ.
ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ആയില്യം പൂജകൾ. മഞ്ഞൾപ്പൊടിയിൽ ആറാടി നിൽക്കുന്ന നാഗദേവതാ പ്രതിഷ്ഠകൾക്കു മുന്നിൽ നൂറും പാലും വച്ചു നടന്ന വിശേഷാൽ പൂജകളിൽ ആയിരങ്ങൾ പങ്കെടുത്തു.
ഇരുപതോളം പുള്ളുവ കുടുംബാംഗങ്ങളാണ് നാഗപ്രീതിക്കു വേണ്ടി സർപ്പം പാട്ടുകൾ പാടി ഭക്തരുടെ ദുഃഖങ്ങളകറ്റാൻ ക്ഷേത്രത്തിൽ എത്തിയിട്ടുള്ളത്. പാരമ്പര്യമായി വാമൊഴിയായി പകർന്നു കിട്ടിയ ഈ പാട്ടുകളിൽ നാഗ ദേവതകളായ അനന്തൻ, വാസുകി, തക്ഷകൻ, ഗുളികൻ, കാർക്കോടകൻ എന്നിവരെയാണ് സ്തുതിക്കുന്നത്.
വൈക്കം, ചേർത്തല, കോതമംഗലം, ഏറ്റുമാന്നൂർ പ്രദേശത്തു നിന്നുള്ളവരാണ് വർഷങ്ങളായി തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവ നാളുകളിൽ പുള്ളുവൻ പാട്ടിന്റെ സ്വരമാധുരി തീർക്കുന്നത്.