ഇന്ത്യ- ആസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
മുംബയ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് മുംബയിൽ നടക്കും. വാങ്കഡെ സ്റ്രേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ആധിപത്യത്തോടെ നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ആസ്ട്രേലിയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. മറുവശത്ത് സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് കംഗാരുപ്പട ഇന്ത്യയെ നേരിടാനെത്തിയിരിക്കുന്നത്. ഐ.സി.സി. ലോകകപ്പിന് ശേഷം ആസ്ട്രേലിയ കളിക്കുന്ന ആദ്യ ഏകദിന മത്സരമാണിത്.
സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം തീപാറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഈ അടുത്ത കാലത്ത് ഇന്ത്യ നേരിടുന്ന ഏറ്രവും ശക്തമായ ടീമാണ് ആസ്ട്രേലിയ. കഴിഞ്ഞ വർഷം ഇന്ത്യ നാട്ടിൽ തോൽവി വഴങ്ങിയത് ആസ്ട്രേലിയയോട് മാത്രമാണ്. ട്വന്റി-20, ഏകദിന പരമ്പരകളിൽ ആസ്ട്രേലിയ ഇന്ത്യയിൽ ജയം നേടിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയിൽ കഷ്ടതയനുഭവിക്കുന്ന നാട്ടുകാർക്ക് ഇന്ത്യയ്ക്കെതിരെ ജയം നേടി ചെറിയ ആശ്വാസം നൽകാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇവിടെയെത്തിയ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞത്. മറുവശത്ത് ഇന്ത്യ ആസ്ട്രേലിയയോട് കഴിഞ്ഞ വർഷത്തെ തോൽവിക്ക് കണക്ക് തീർക്കാനുറച്ചാണ് ഒരുങ്ങുന്നത്. പ്രതിഭാധനരുടെ കൂട്ടമായ കൊഹ്‌ലിക്ക് പടയ്ക്ക് അതിനു കഴിയുമെന്ന് തന്നെയാണ് ആരാധകർ സ്വപ്നം കാണുന്നത്.
കരുത്തോടെ ഇന്ത്യ
പരിക്കിൽ നിന്ന് മുക്തനായെത്തിയ ജസ്പ്രിത് ബുംരയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന ആത്മ വിശ്വാസം ചില്ലറയല്ല. ലോകകപ്പ് സെമിക്ക് ശേഷം ബുംര കളിക്കുന്ന ആദ്യ ഏകദിന മത്സരമാണിത്. വിശ്രമത്തിന് ശേഷം രോഹിത് ശർമ്മ കൂടി തിരിച്ചെത്തിയത് ഇന്ത്യയുടെ ശക്തി കൂട്ടുന്നു. രോഹിതും ധവാനും രാഹുലും ഇന്ന് കളിക്കുമെന്നാണ് ഇന്നലെ കൊഹ്‌ലി പറഞ്ഞത്. പന്തിനെ കരയ്ക്കിരുത്തി രാഹുൽ വിക്കറ്റ് കീപ്പറാകാനും സാധ്യതയുണ്ട്. വാലറ്റത്തെ ബാറ്രിംഗ് മികവ് കൂടി പരിഗണിക്കുമ്പോൾ ഷർദ്ദുൾ താക്കൂർ ടീമിൽ ഇടം പിടിച്ചേക്കും. ഷമി, സെയ്നി എന്നിവരിൽ ആരെങ്കിലും അപ്പോൾ പുറത്തിരിക്കേണ്ടി വരും.
സാധ്യതാ ടീം: ധവാൻ, രോഹിത്, രാഹുൽ, കൊഹ്‌ലി, ശ്രേയസ്, കേദാർ, ജഡേജ,ഷർദ്ദുൾ,കുൽദീപ്,ഷമി /സെയ്നി, ബുംര.
കുതച്ചുയരാൻ കംഗാരുക്കൾ
സ്മിത്ത്, വാർണർ എന്നിവരുടെ സാന്നിധ്യവും ലബുഷ്ചാംഗയുടെ തകർപ്പൻ ഫോമുമാണ് ആസ്ട്രേലിയയുടെ പ്രധാന ശക്തി. സ്റ്രാർക്കും കുമ്മിൻസും നയിക്കുന്ന ബൗളിംഗ് നിര ഏറെ അപകടകരമാണ്. ആഷ്ടൺ ആഗറും അവസാന ഇലവനിൽ ഇടം പിടിച്ചേക്കും.
സാധ്യതാ ടീം: വാർണർ, ഫിഞ്ച്, സ്മിത്ത്, ലബുഷ്ചാംഗെ, ഹാൻഡ്സ് കോമ്പ്, കാരെ, ആഗർ,കുമ്മിൻസ്,സ്റ്റാർക്ക്,ഹാസൽവുഡ്, സാംപ.
പിച്ചും കാലവസ്ഥയും
ഇന്ത്യയിലെ റണ്ണൊഴുകുന്ന പിച്ചുകളിൽ ഒന്നാണ് വാങ്കഡേയിലേത്. ടോസ് കിട്ടുന്ന ടീം ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത. തെളിഞ്ഞ കാലാവസ്ഥായാണ് മുംബയിൽ . രാത്രി ചെറിയ മഞ്ഞ് വീഴ്ച ഉണ്ടായേക്കാം.
100 വിക്കറ്റ് ഏകദിനത്തിൽ തികയ്ക്കാൻ കുൽദീപ് യാദവിന് ഒന്നും കമ്മിൻസിന് നാല് വിക്കറ്റും കൂടി മതി.
5000 റൺസ് ഏകദിനത്തിൽ തികയ്ക്കാൻ ഡേവിഡ് വാർണർക്ക് പത്ത് റൺസ് കൂടി മതി.