തിരുവനന്തപുരം : പൗരത്വനിയമത്തിനെതിരെ കേരളത്തിൽ സർക്കാരും പ്രതിപക്ഷവും ഒന്നിച്ചത് അഭിന്ദനാർഹമാണെന്ന് സാമൂഹിക പ്രവർത്തക മേധാപട്കർ.
പൗരത്വനിയമത്തിനെതിരെ കേരള ജനകീയ പ്രതിരോധ സമിതി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്ക്കർ. ജാതിയും മതവും ഇല്ലാതെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ ഒരുമിച്ച വിദ്യാർത്ഥികളെ സമൂഹം മാതൃകയാക്കണം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള മോദിയുടെയും അമിത്ഷായുടെയും ശ്രമത്തിന്റെ ഭാഗമാണിതെന്നും അവർ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി വൈസ് പ്രസിഡന്റ് മഞ്ചേരി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, ബി.സുരേന്ദ്രനാഥ് , ജോസഫ്.സി.മാത്യു, കുരീപ്പുഴ ശ്രീകുമാർ, ജെയ്സൺ ജോസഫ്, കായിക്കര ബാബു, കുസുമം ജോസഫ്, ബിനു എബ്രഹാം, എം.ഷാജർഖാൻ എന്നിവർ സംസാരിച്ചു. പൗരത്വബില്ലിനെതിരെ രാജ്യത്ത് സമരം നടക്കുന്ന വിവിധ കലായലങ്ങളിലെ വിദ്യാർത്ഥി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പൗരസംഗമത്തിന് മുന്നോടിയായി മേധാപട്കറുടെ നേതൃത്വത്തിൽ വിദ്യാർത്ഥി - ബഹുജന റാലിയും നടന്നു.