ramesh-chennithala

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൊണ്ട്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും സംഘവും ജെ.എൻ.യു, ജാമിയ സർവ്വകലാശാലകൾ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്‌ കൺവീനർ ബെന്നി ബെഹനാൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ഐഷി ഘോഷ്‌ ഉൾപ്പെടെയുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ ഡൽഹി പോലീസ്‌ ജെ.എൻയു ക്യാമ്പസിൽ ചോദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തല അവിടെ എത്തിയത്‌. തുടർന്ന് ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും കുട്ടികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. ഹിന്ദിയിൽ ആയിരുന്നു ചെന്നിത്തല സംസാരിച്ചത്‌. ഇനി ഒരിക്കലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും, അമിത്‌ ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ല എന്നുമുള്ള ചെന്നിത്തലയുടെ വാക്കുകൾ കരഘോഷത്തോടെയാണ്‌ ക്യാമ്പസ് ഏറ്റെടുത്തത്‌.

കാമ്പസുകളിൽ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു. ഈ യുവതയാണ്‌ ഇന്ത്യയുടെ പ്രതീക്ഷ - രമേശ് ചെന്നിത്തല പറഞ്ഞു.