musharraf

ലാഹോർ: രാജ്യദ്രോഹക്കുറ്റത്തിന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവെസ് മുഷാറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോർ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചത് അടക്കം നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതി കണ്ടെത്തിയതായി മുഷാറഫിന്റെ അഭിഭാഷകർ പറഞ്ഞു. നവാസ് ഷെരീഫ് സർക്കാർ 2013 ൽ ഫയൽ ചെയ്ത കേസിൽ കഴിഞ്ഞ ഡിസംബർ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷാറഫിന് വധശിക്ഷ വിധിച്ചത്. 2007 ൽ മുഷാറഫ് ഭരണഘടന മരവിപ്പിക്കുകയും അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി.1999 ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ മുഷാഫറ് 2008 ൽ ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടർന്ന് രാജിവച്ചിരുന്നു.അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നവാസ് ഷെരീഫ് 2013 ൽ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതോടെയാണ് മുഷാറഫിനെതിരെ കേസെടുത്തത്. ഇതിനെ തുടർന്ന്, 2016-ൽ പാകിസ്ഥാൻ വിട്ട മുഷാറഫ് ഇപ്പോൾ ദുബായിൽ ചികിത്സയിലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ മുൻ പാക് സൈനിക മേധാവിയാണ് 76 കാരനായ മുഷറഫ്.