തിരുവനന്തപുരം: ലക്ഷദീപപ്രഭയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും വിളങ്ങാൻ ഇനി രണ്ടു പകലുകൾ മാത്രം. 56 ദിവസം നീണ്ടു നിൽക്കുന്ന മുറ ജപത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മകരസംക്രാന്തി ദിനമായ നാളെ വൈകിട്ട് ആദ്യദീപം ശ്രീപത്മനാഭന് മുന്നിൽ തെളിയും. നിമിഷനേരം കൊണ്ട് ലക്ഷം തിരിനാളങ്ങളിലേക്ക് അത് പകരും.
മൺചെരാതുകളിലെ വെളിച്ചത്തിനൊപ്പം വൈദ്യുതി ദീപങ്ങളും തെളിയുന്നതോടെ ക്ഷേത്രവളപ്പിലെ തൂവെള്ള മണൽ ക്ഷീരസാഗരത്തിന്റെ പ്രതീതി ജനിപ്പിക്കും. ലക്ഷദീപത്തിന് വേണ്ട ഒരുക്കങ്ങൾ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ഇന്ന് പരിശീലന ദീപക്കാഴ്ച നടത്തും. ലക്ഷദീപം ദർശിക്കാൻ നാളെ എത്താൻ കഴിയാത്ത ഭക്തർക്ക് വേണ്ടി അടുത്ത ദിവസവും ദീപങ്ങൾ തെളിക്കും. പദ്മതീർത്ഥക്കരയും കോട്ടയ്ക്കകവും ദേശത്തിന്റെ ഉടയോനായ ശ്രീപദ്മനാഭന് ദീപക്കാഴ്ച സമർപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ശീവേലി ദർശിക്കാനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ക്ഷേത്രത്തിനുൾവശം എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിക്കുന്നത്. ആറുവർഷത്തിലൊരിക്കൽ അനുഭവിക്കാവുന്ന അപൂർവ നിമിഷമാണ് ഈ മകരസംക്രമ സന്ധ്യയിൽ ഭക്തരെക്കാത്തിരിക്കുന്നത്.
തെളിയും വിളക്ക് ഗോപുരം
ലക്ഷദീപത്തിന്റെ ഭാഗമായി കറങ്ങുന്ന വിളക്കു ഗോപുരം സജ്ജീകരിക്കും. ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രകാശ വിസ്മയം ഒരുക്കുന്നത്.എണ്ണയിൽ എരിയുന്ന ദീപങ്ങളാണ് ഇതിൽ ഉപയോഗിക്കുക. മംഗലാപുരം വെങ്കിടേശ്വര ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. ബ്രാഹ്മണ സമാജം വനിതാ സമാജം, തിരുവോണ സമിതി, ഭക്തജന സഭ എന്നീ സംഘടകളിൽ നിന്നു തിരഞ്ഞെടുത്ത നൂറു ഭക്തരെയാണ് എണ്ണവിളക്കുകൾ കത്തിക്കാനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. അത്യാവശ്യ സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭക്തർക്കും ഇതിൽ പങ്കുചേരാം. അര മണിക്കൂറിനുള്ളിൽ വിളക്കുകളെല്ലാം തെളിക്കാൻ കഴിയുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ പറഞ്ഞു. ക്ഷേത്രത്തിനു നാലു വശത്തെയും വീഥികൾ വിവിധ ഭക്തജന സംഘങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തിൽ അലങ്കരിക്കും.
പാർക്കിംഗിന് 27 സ്ഥലം
പുത്തരിക്കണ്ടം, ഫോർട്ട് ഹൈസ്കൂൾ, ഫോർട്ടിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, ശ്രീകണ്ഠേശ്വരം പാർക്ക് തുടങ്ങി 27 സ്ഥലങ്ങൾ പാർക്കിംഗിനായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുൾവശത്ത് ലക്ഷദീപ ദിവസം ഭക്തർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മെഡിക്കൽ സംഘം ഓരോ നടകളിലുമുണ്ടാകും. വോളന്റിയർമാരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ നിരീക്ഷണ കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
മതിലകത്ത് ദർശനം 21,000 പേർക്ക്
സ്വർണനിർമിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിയിലുള്ള ഗരുഡവാഹനങ്ങളിൽ തെക്കേടം നരസിംഹമൂർത്തിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നെള്ളിക്കും. ദർശനത്തിന് രാത്രി 7 മുതൽ ഭക്തരെ കടത്തിവിടും. ലക്ഷദീപദിവസം ശീവേലി സമയത്ത് 21,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. ഇവർക്കുള്ള പാസ് വിതരണം പൂർത്തിയായി. ബാർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള തിരിച്ചറിയൽ കാർഡാണ് വിതരണം ചെയ്യുന്നത്. അതിനാൽ പാസ് കൈമാറാൻ കഴിയില്ല.
വി.ഐ.പികൾക്ക് വടക്കേ നടവഴിയാണ് ലക്ഷദീപ ദിവസം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. തെക്കു ഭാഗത്തെ പ്രത്യേക കവാടം വഴി രാജകുടുംബാംഗങ്ങളെ പ്രവേശിപ്പിക്കും. ഭക്തർ കയറേണ്ട വാതിലുകളെക്കുറിച്ച് പാസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾ എല്ലാ ഭക്തർക്കും കാണാനായി എട്ട് സ്ക്രീനുകളും സജ്ജീകരിക്കും. പാസ് ഇല്ലാത്തവർക്ക് ശീവേലി ദർശിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കും. ശീവേലിപ്പുരയ്ക്ക് സമാന്തരമായി പ്രത്യേക ക്യൂ സംവിധാനമാണ് ഒരുക്കുക. ഇതുവഴി അകത്തു പ്രവേശിക്കുന്നവർക്ക് ക്ഷേത്രത്തിൽ തങ്ങാൻ കഴിയില്ല.
തെക്കേ നട വഴി അകത്തു കയറുന്നവരെ പടിഞ്ഞാറേ നട വഴിയും പടിഞ്ഞാറേ നട വഴി പ്രവേശിക്കുന്നവരെ വടക്കേ നട വഴിയും വടക്കേ നട വഴി കയറുന്നവരെ തിരുവമ്പാടി നട വഴിയും തിരിച്ചിറക്കും. കിഴക്കേ നടയിൽ ക്യൂ സംവിധാനം സജ്ജീകരിക്കില്ല. മുറജപത്തിന്റെ ഭാഗമാകുന്ന ഭക്തന് എല്ലാവിധ പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ
തിരുവനന്തപുരം: മുറജപത്തിന് പരിസമാപ്തി കുറിച്ച് നാളെ നടക്കുന്ന ലക്ഷദീപം ദർശിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രം അധികൃതരും ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരിക്കുന്നത്.
അലങ്കാര ഗോപുരത്തിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദീപത്തോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി അലങ്കാര ദീപങ്ങളുടെ ട്രയൽ റൺ ഇന്ന് വൈകിട്ട് നടക്കും.
ബുധനാഴ്ച നാല് നടകളിലൂടെയും ബാരിക്കേഡുകൾവഴി ഭക്തരെ അകത്ത് പ്രവേശിപ്പിക്കും. മെറ്റൽ ഡിറ്റക്ടറുകളുപയോഗിച്ചുള്ള രണ്ട് ഘട്ട പരിശോധനയ്ക്ക് പുറമേ ആധുനിക മെറ്റൽ ഡിറ്റക്ടർ സഹായത്തോടെയുള്ള ഒരു ഘട്ട പരിശോധനകൂടി പൂർത്തിയാക്കിയശേഷമാകും പ്രവേശനം. എല്ലാ ബാരിക്കേഡുകളിലും ശുദ്ധജല വിതരണത്തിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
വിസ്മയമാകാൻ കറങ്ങുന്ന വിളക്ക്
11,000 തിരികളുള്ള കറങ്ങുന്ന എണ്ണവിളക്ക് ഇത്തവണ ലക്ഷദീപത്തിന്റെ ഭാഗമാകും. ത്രീഫെയ്സ് ലൈനിൽ കറങ്ങുന്ന മോട്ടോറുകളുടെ സഹായത്തോടെയാണ് വിളക്ക് കറങ്ങുക. കാശി പോലുള്ള ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ ഇത്തരം വിളക്കുകൾ ഉപയോഗിക്കാറുണ്ട്.
സൂര്യാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ രാധേശ്യാമെന്ന നൃത്ത പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.
പദ്മതീർത്ഥക്കരയിലെ ദീപങ്ങൾ മിഴിയടച്ച് തുറക്കുന്നതനുസരിച്ച് കൽമണ്ഡപങ്ങളിൽ ഓരോന്നിലും കൃഷ്ണനും രാധയും പ്രത്യക്ഷപ്പെടും.
പാസില്ലാത്തവർക്കും ദർശനം
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പാസില്ലാത്തവർക്കും ലക്ഷദീപവും ശീവേലിയും ദർശിക്കാൻ സൗകര്യമുണ്ട്. തെക്കേനടയിലെ പ്രത്യേക ബാരിക്കേഡ് വഴി ഒരാൾക്ക് കടന്നുപോകത്തക്ക വിധത്തിലുള്ള ക്യൂവിലൂടെ പടിഞ്ഞാറെ നടയിലെത്തി ലക്ഷദീപം ദർശിക്കാം. പടിഞ്ഞാറെ നടയിലൂടെയോ വടക്കേനടയിലൂടെയോ ഇവർക്ക് പുറത്തിറങ്ങാം. എന്നാൽ ക്യൂവിൽ തങ്ങാൻ ആരെയും അനുവദിക്കില്ല. 16, 17 തീയതികളിൽ കൂടി ദീപാലങ്കാരമുണ്ടാകുമെന്നതിനാൽ നിയന്ത്രണമില്ലാതെ ഭക്തർക്ക് ഈ ദിവസങ്ങളിൽ ഇത് ദർശിക്കാം. ക്ഷേത്രത്തിലെ എല്ലാ കൽത്തൂണുകളും കുലവാഴയും പൂമാലകളും കെട്ടി അലങ്കരിച്ചുതുടങ്ങി. ക്ഷീരസാഗര ശയനനായതിനാൽ ക്ഷേത്രത്തിനുള്ളിലെ മണ്ണ് മാറ്റി വിഴിഞ്ഞം കടലിൽ നിന്ന് അദാനി ഗ്രൂപ്പ് വഴിപാടായി സമർപ്പിച്ച 65 ലോഡ് കടൽമണ്ണ് ക്ഷേത്രത്തിനുള്ളിൽ വിരിച്ചുകഴിഞ്ഞു. ബി.എസ്.എഫ് ജവാൻമാരും സേവാഭാരതിയുൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും സൗജന്യസേവനമായാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്.