തിരുവനന്തപുരം: പ്രതിഷേധക്കാർക്ക് രാജ്ഭവനിലേക്ക് സ്വാഗതം - പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന് തനിക്കുനേരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവരോട് പറഞ്ഞത് ഇതാണ്. നമ്മുടെ നാട്ടിലെ പ്രതിഷേധക്കാരല്ലേ, കേട്ടപാതി കേൾക്കാത്ത പാതി പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കൊടികളും പ്ളക്കാർഡുകളും ബാനറുകളുമായി വച്ചുപിടിച്ചു ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക്. ഗവർണർ ക്ഷണിച്ചതു പ്രകാരം ചർച്ചയ്ക്കാണെന്ന് ധരിച്ചെങ്കിൽ തെറ്റി, രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കാനാണ് ഈ പോക്കല്ലൊം. കേരളത്തിന്റെ ഭരണത്തലവന്മാരായ ഒരു ഗവർണറും ഇതുവരെ നേരിടാത്ത പ്രതിഷേധമാണ് ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ നേരിടുന്നത്. നാട്ടിൽ എന്ത് സംഭവമുണ്ടായാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറഞ്ഞതുപോലെ പ്രതിഷേധങ്ങളുടെ കേന്ദ്രം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റായിരുന്നു. സ്റ്റാച്യുവിന് മുന്നിലെ നോർത്ത് ഗേറ്റിന് സമരഗേറ്റ് എന്ന വിളിപ്പേര് പോലുമുണ്ടായി
. എന്നാൽഗവർണറുള്ളപ്പോൾ ഇനിയെന്തിനാണ് സെക്രട്ടേറിയറ്റ് പ്രതിഷേധമെന്നാണ് സമരക്കാരുടെ ചോദ്യം. നിലവിലെ സാഹചര്യത്തിൽ രാജ്ഭവന് മുന്നിൽ ഒരു പ്രതിഷേധ സമരമെങ്കിലും നടക്കാത്ത ദിവസമില്ല. ഏറ്റവും ഒടുവിലായി രാജ്ഭവന് മുന്നിൽ നടന്ന പ്രധാന സമരം കെ.പി.പി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലായിരുന്നു. പൗരത്വ ബില്ലിനെതിരെ 24 മണിക്കൂർ രാജ്ഭവന് മുന്നിൽ ഉപവസിച്ച ഹസന്റെ സമരത്തിൽ കോൺഗ്രസ് നേതാക്കളുടെ ഒഴുക്കായിരുന്നു.
ഇടത്- വലത് മുന്നണികളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത് പോരാഞ്ഞിട്ട് പൗരത്വത്തിന്റെ പേരിൽ സകല കടലാസ് - ഈർക്കിലി സംഘടനകൾ പോലും കൊടികളുമായി
രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുകയാണ്.
പൊലീസിനും തലവേദന
ആരിഫ് ഖാന് മുമ്പ് സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് പി.സദാശിവം ഗവർണറായിരുന്നപ്പോൾ രാജ്ഭവന് മുന്നിൽ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് സുഖമായിരുന്നു. കാരണം അദ്ദേഹം വിവാദനായകനായിരുന്നില്ല. അയച്ചത് കേന്ദ്ര സർക്കാരാണെങ്കിലും കേന്ദ്രവുമായി ബന്ധപ്പെട്ട, സംസ്ഥാനങ്ങൾക്ക് വിരുദ്ധമായ നിലപാടുകളിൽ സദാശിവം തന്ത്രപരമായ മൗനം പാലിച്ചിരുന്നു. മാദ്ധ്യമങ്ങളോടും അധികമൊന്നും മിണ്ടാറില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങൾ അത്രയ്ക്കൊന്നും രാജ്ഭവന് മുന്നിലെത്തിയില്ല. തെറ്റിയും തെറിച്ചും വല്ലപ്പോഴും ഒരു പ്രതിഷേധം നടന്നാലായി. പൊലീസും ഹാപ്പി. എന്നാലിപ്പോൾ അതല്ല സ്ഥിതി. ജനകീയനാകാനുള്ള ഓട്ടപ്പാച്ചിലിനിടെ ആരിഫ് മുഹമ്മദ് ഖാൻ പോകുന്നിടത്തെല്ലാം മാദ്ധ്യമങ്ങളോട് ഒരുവെടി പൊട്ടിക്കുന്നുണ്ട്. വിഷയം പൗരത്വം തന്നെ. പൗരത്വ ഭേദഗതി നിയമത്തെ എല്ലാവരും അംഗീകരിക്കണമെന്ന തന്റെ നിലപാട് അദ്ദേഹം പോകുന്നിടത്തെല്ലാം ആവർത്തിക്കുന്നു. അവിടങ്ങളിലെ പ്രതിഷേധം നേരിട്ട ശേഷം ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തുമ്പോൾ അവിടെ പ്രതിഷേധപ്പെരുമഴയാണ്. അർദ്ധരാത്രിയിൽ പോലും സംഘടനകൾ രാജ്ഭവനിലേക്ക് പ്രകടനം നടത്തുകയാണ്.
ചുരുക്കി പറഞ്ഞാൽ പൊലീസിന് ഉറക്കമില്ലാതായെന്ന് സാരം. ഒരു വണ്ടി പൊലീസും 'വരുൺ' ജലപീരങ്കിയും പിന്നെ കുറെ ബാരിക്കേഡുകളും നിറഞ്ഞതാണ് ഇന്നത്തെ വെള്ളയമ്പലത്തെ രാജ്ഭവൻ കാഴ്ചകൾ.
സമരമാണോ പെട്ടതുതന്നെ
സാമാന്യം നല്ല വാഹനബാഹുല്യമുള്ള സ്ഥലമാണ് കവടിയാർ വെള്ളയമ്പലം റൂട്ട്. സമരദിവസങ്ങളിൽ കവടിയാറിൽ നിന്നുള്ള വാഹനങ്ങളും വെള്ളയമ്പലത്ത് നിന്ന് പേരൂർക്കടയിലേക്കുള്ള ഗതാഗതവും പൊലീസ് അടയ്ക്കും. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വെള്ളയമ്പലത്ത് നിന്ന് കവടിയാർ, അമ്പലമുക്ക് ഭാഗത്തേക്ക് പോകണമെങ്കിൽ യാത്രക്കാർ പെട്ടതുതന്നെ. കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ളവയെ ശാസ്തമംഗലം വഴി തിരിച്ചുവിടും.
അല്പം ചരിത്രം
തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്റ്റേറ്റ് ഗസ്റ്റ്ഹൗസാണ് പിൽക്കാലത്ത് രാജ്ഭവനായി മാറിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ രാഷ്ട്രനേതാക്കൾക്കെല്ലാം ആതിഥ്യമരുളുന്ന രാജ്ഭവൻ രാജകീയപ്രതാപത്തിലാണ് നിലനിൽക്കുന്നത്. രാജ്ഭവന് രണ്ട് കെട്ടിടങ്ങളുണ്ട്. പഴയകെട്ടിടത്തിലാണ് ഗവർണർ താമസിക്കുന്നത്. രണ്ടുനില മന്ദിരത്തിന്റെ താഴത്തെ നിലയിൽ ഓഫീസുകൾ. മുകൾനിലയിൽ ഗവർണറുടെ കിടപ്പുമുറി, ഭക്ഷണമുറി, വിശ്രമമുറി, അടുക്കള. ഇതോടൊപ്പം നിള, ഭവാനി, കല്ലാർ, അഷ്ടമുടി, നെയ്യാർ, കബനി എന്നീ പേരുകളിൽ ആറ് അതിഥി മന്ദിരങ്ങളും മുകളിലുണ്ട്. വി.വി.ഐ.പി ബ്ലോക്കുമുണ്ട്. അനന്തപുരി, പെരിയാർ, ശബരിഗിരി, പമ്പ, പഴശി, സമുദ്ര, ചന്ദ്രഗിരി, ഗായത്രി, സഹ്യാദ്രി എന്നിങ്ങനെയാണ് വി.വി.ഐ.പി ബ്ളോക്കുകൾ.