തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഷാജി വെട്ടൂരാന്റെ ഒന്നാം ചരമവാർഷികത്തിൽ സുഹൃത്തുക്കൾ ഒത്തുകൂടുന്നു.ഇന്ന് വൈകിട്ട് 5ന് ട്രിവാൻഡ്രം ഹോട്ടലിലാണ് അനുസ്മരണ ചടങ്ങ് നടക്കുന്നത്. മറ്റുള്ളവരുടെ ദു:ഖത്തിൽ അവർക്കൊപ്പം നിന്ന ഷാജിയുടെ ഓർമ്മകളുമായി സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന മുന്നൂറോളം പേരാണ് ട്രിവാൻഡ്രം ക്ലബിലെ ചടങ്ങിൽ ഇന്ന് പങ്കെടുക്കുന്നത്.രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നിട്ടും സ്വന്തം ലാഭത്തിനായി ബന്ധങ്ങൾ ഉപയോഗിക്കാതിരുന്ന ഷാജി വെട്ടൂരാൻ തെറ്റു ചെയ്യുന്നവർക്കെതിരെ മുഖം കറുപ്പിക്കാൻ മടിച്ചിരുന്നില്ലെന്ന് മുൻ ലേബർ കമ്മീഷണർ എം. ശിവദാസ് അനുസ്മരിച്ചു.
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന കാലഘട്ടത്തിൽ ഷാജിയുടെ വ്യക്തിത്വം വേറിട്ടതായിരുന്നു.താനുമായി ബന്ധപ്പെട്ട ആരും ദു:ഖിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.എന്നാൽ തെറ്റിന് കൂട്ടുനിൽക്കാനോ,തെറ്റു ചെയ്യാൻ പ്രേരിപ്പിക്കാനോ ഷാജി വെട്ടൂരാൻ തയ്യാറല്ലായിരുന്നു.ചെറിയ കാരണങ്ങളാലായാലും താനുമായി അടുപ്പമുള്ളവരാരും അകന്നുപോകുന്നത് സഹിക്കാത്ത പ്രകൃതമായിരുന്നു.അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞവരെല്ലാം അകാലത്തിലുള്ള ഈ വേർപാടിൽ വേദനിക്കുന്നുണ്ടെന്നും എം. ശിവദാസ് അനുസ്മരിച്ചു.