തിരുവനന്തപുരം: വാഹന തിരക്കേറിയ ഈഞ്ചയ്ക്കലിൽ റോഡിന്റെ ഒത്തനടുക്ക് ഡ്രെയിനേജ് മാൻഹോളിനായി കുഴിയെടുത്ത് വാഹനയാത്രക്കാർക്ക് വാട്ടർ അതോറിട്ടിയുടെ വക മുട്ടൻപണി. ഈഞ്ചയ്ക്കൽ ബൈപ്പാസിനെ കോവളം, വലിയതുറ, പെരുന്താന്നി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈഞ്ചയ്ക്കൽ ബൈപ്പാസ് ജംഗ്ഷന്റെ ഒത്തനടുക്കാണ് വാട്ടർ അതോറിട്ടി സ്വിവറേജ് വിഭാഗത്തിന്റെ മാൻഹോൾ നിർമ്മാണം. നേരത്തെ ഇവിടെ ഇതേസ്ഥലത്ത് ഒരു മാൻഹോൾ ഉണ്ടായിരുന്നു. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് പുതുക്കി പണിതപ്പോൾ പൊതുമരാമത്ത് വകുപ്പ് ആ മാൻഹോൾ മൂടുകയായിരുന്നു.
ഇതോടെ ഈഞ്ചയ്ക്കലിൽ നിന്ന് വലിയതുറ ഭാഗത്തേക്കുള്ള ഡ്രെയിനേജ് അടഞ്ഞു. ഡ്രെയിനേജിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പുതിയ മാൻഹോൾ പണിയാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മാൻഹോൾ നിർമ്മാണം ആരംഭിച്ചത്. പണി തീരാൻ രണ്ടാഴ്ച എടുക്കുമെന്നാണ് കരാറുകാർ പറയുന്നത്. രാത്രിയും പകലും പണി നടക്കുന്നുണ്ട്. ടാറും മറ്റും വന്ന് മൂടിയതിനാൽ മാൻഹോൾ കണ്ടെത്താൻ രണ്ട് ദിവസമെടുത്തു. റോഡിന്റെ മദ്ധ്യഭാഗം കെട്ടിയടച്ചാണ് ഇപ്പോൾ പണി ചെയ്യുന്നത്. ഇതുകാരണം ജംഗ്ഷനിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.