നാലുമാസത്തിനിടെ തീർപ്പാക്കാനുള്ളത് 262 ഫയലുകൾ
തിരുവനന്തപുരം : ഫയലുകൾ തീർപ്പാക്കാൻ വൈകുന്നത് കാരണം നഗരസഭാ പരിധിയിലെ വട്ടിയൂർക്കാവ് സോണൽ മേഖലയിൽ കെട്ടിടനിർമ്മാണം പ്രതിസന്ധിയിൽ. കെട്ടിട നിർമ്മാണത്തിന് അനുമതി തേടിയതും നിർമ്മാണം പൂർത്തിയായ ശേഷം ഓക്യുപെൻസിക്ക് അപേക്ഷ നൽകിയതുമായ ഫയലുകൾ തീർപ്പാക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ നാല് മാസത്തിനിടെ 262 ഫലയലുകളാണ് ഇത്തരത്തിലുള്ളത്.
പെർമിറ്റിന് അനുമതി തേടിയ 161 ഫലയലുകളും ഓക്യുപെൻസി നൽകാനുള്ള 101 ഫലയലുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. കെട്ടിനിർമ്മാണചട്ടത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ അനാവശ്യ കാരണങ്ങൾ പറഞ്ഞ് തീരുമാനമെടുക്കാതെ ജനങ്ങളെ വലയ്ക്കുന്നുവെന്നാണ് ആക്ഷേപം. വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തുരുത്തുംമൂല എന്നീ വാഡുകളാണ് വട്ടിയൂർക്കാവ് സോണലിന്റെ പരിധിയിൽ വരുന്നത്. കെട്ടിടനിർമ്മാണ അനുമതിയും ഓക്യുപെൻസിയും പ്രതിസന്ധിയിലായതോടെ ജനങ്ങൾ കൗൺസിലർമാരെ സമീപിച്ചു. പരാതികൾ പെരുകിയതോടെ വെള്ളിയാഴ്ച നഗരസഭയിൽ ചേർന്ന കൗൺസിലർമാരുടെ പരാതി പരിഹാര യോഗത്തിൽ വട്ടിയൂർക്കാവ് സോണൽ മേഖലയിലെ കൗൺസിലർമാർ ഒറ്റക്കെട്ടായി മേയറെ ഇക്കാര്യം ബോധിപ്പിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും കൗൺസിലർമാർ തുറന്നടിച്ചു. ഇതോടെ സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകാൻ വട്ടിയൂർക്കാവ് സോണലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ ഓവർസിയറും, അസിസ്റ്റന്റ് എൻജിനിയറുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പരാതിയുണ്ട്. പഞ്ചായത്ത് വകുപ്പിൽ നിന്നും സ്ഥലംമാറിയെത്തിയ ഓവർസിയറും. അസി.എൻജിനിയറും പഞ്ചായത്തുകൾക്ക് സമാനമായ രീതിയിലാണ് നഗരത്തിലും നിയമം നടപ്പാക്കുന്നതെന്ന് അപേക്ഷകർ പറയുന്നു. ഇതോടെയാണ് വട്ടിയൂർക്കാവ് സോണലിൽ ഉൾപ്പെടുന്ന ആറു വാർഡുകളിലെ ജനങ്ങൾ ദുരിതത്തിലായത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അസി.എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. - പാളയം രാജൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ