ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാല് പ്രതികളില്‍ മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹർജി നല്‍കിയിട്ടില്ല.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. തിരുത്തല്‍ ഹർജി കോടതി തള്ളുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹർജി നല്‍കുക മാത്രമാണ് അവസാനത്തെ വഴി.
ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ഡല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റാനായിരുന്നു കോടതി ഉത്തരവ്. 2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.