pinarayi

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹ‌ർജി സമർപ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. പൗത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം

അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹർജിയാണിത്. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹ‌ർജിയിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ജനുവരി 23ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹർജി ഫയൽ ചെയ്തത്‌. മുൻപ് പൗത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. . ഇതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു

സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽ ജി പ്രകാശ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്. വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സമർപ്പിച്ച ഏകദേശം 60 ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നിലവിൽ ഫയൽ ചെയ്തിട്ടുള്ളത്.