ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന. അടുത്ത മാസം അവസാനത്തോടെയാണ് ട്രംപ് ഇന്ത്യ സന്ദർശിക്കാനെത്തുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനൊടുവിൽ ഡൊണാൾഡ് ട്രംപ് മദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്, ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയിൽ കാണാം എന്നായിരുന്നു.
അതേസമയം, ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപ് മുഖ്യാതിഥിയാകുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ സന്ദർശനത്തിനു സൗകര്യപ്രദമായ തീയതികൾ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും അന്തിമതീയതി നിശ്ചയിക്കുക.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണാൾഡ് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തിൽനിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോൺ സംഭാഷണം. ഇന്ത്യയും യു.എസും തമ്മിൽ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നൽകിയിരുന്നു.
അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യയ്ക്ക് മാത്രമാകില്ല ലോകത്തിനാകെ നേട്ടമാകുന്ന തിരുമാനങ്ങൾ കൊണ്ട് സമ്പന്നമാകുമെന്ന് അനൗദ്യോഗികമായി വിദേശകാര്യ വക്താക്കൾ അവകാശപ്പെട്ടു.പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളിൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്ന സാഹചര്യത്തിൽ ട്രംപിന്റെ വരവ് രാഷ്ട്രീയമായും എറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.