kaumudy-news-headlines

1. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി രണ്ടാം വാരത്തോടെ ഇന്ത്യ സന്ദര്‍ശിക്കും എന്ന് സൂചന. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും പങ്കുവച്ചതായി വിവരം. ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട് ഈ ആഴ്ച തുടങ്ങാന്‍ ഇരിക്കുന്ന യു.എസ് സെനറ്റിന്റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിക്കുക. ഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.


2. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ഇരുന്നതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള അവസരം ഒരുങ്ങുന്നത്. താന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നുണ്ട് എന്നും ഒരിക്കല്‍ അവിടെ പോകുമെന്നു ട്രംപ് കഴിഞ്ഞ നവംബറില്‍ പ്രതികരിച്ചിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ, യു.എസ് ബന്ധം ശക്തമായി വളരുകയാണെന്ന് മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്തയേ കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.
3. അതിനിടെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ആയി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ഡല്‍ഹിയില്‍ എത്തും. വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗില്‍ നാളെ സംസാരിക്കും. ഖാസം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം മധ്യേഷ്യയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ആണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ഉച്ചയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന സരീഫ്, വൈകിട്ട് അനൗദ്യോഗിക ചര്‍ച്ചയും നടത്തും
4. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ പഞ്ചാബും രംഗത്ത്. പഞ്ചാബ് നിയമസഭയിലും പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ പ്രമേയം. പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പഞ്ചാബില്‍ മന്ത്രിസഭാ യോഗം ചേരും. നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട് ഇതിന് പിന്നാലെ ആണ് പഞ്ചാബ് പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്.
5. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ആണ് നിയമം. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സര്‍ട്ടിഫിക്കറ്റും തേടി പോകണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തുടക്കം മുതലെ സര്‍ക്കാര്‍ എതിരായിരുന്നു. പ്രതിപക്ഷവും പൗരത്വ നിയമത്തിനെ പിന്തുണച്ചിരുന്നില്ല. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നിയമം ഭരണ ഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്ത പെടുന്നത് അല്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു.
6. മരടിലെ പൊളിച്ച നാല് ഫ്ളാറ്റുകളുടെയും അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കണം എന്ന സുപ്രീംകോടതി ഉത്തരിവിന് പിന്നാലെ, മരട് നഗരസഭയ്ക്ക് നിര്‍ദേശവും ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. അറിയിപ്പ്, വായു മലിനീകരണം ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പ്രദേശവാസികളുടെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍. കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് സ്റ്റീല്‍ കമ്പികള്‍ വേര്‍തിരിച്ച് അവശിഷ്ടങ്ങള്‍ മാറ്റണം. അവശിഷ്ടങ്ങള്‍ മാറ്റുന്നത് വരെ അതില്‍ നിന്ന് ഉയരുന്ന പൊടി നിയന്ത്രിക്കാന്‍ ആയി വെള്ളം തളിക്കല്‍ തുടരണം. എന്നിങ്ങനെ ആണ് നിര്‍ദേശങ്ങള്‍. 70,000 ടണ്ണോളം മാലിന്യങ്ങള്‍ ഉണ്ടെന്ന് ആണ് ഔദ്യോഗിക കണക്ക്. മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ പരിസരവാസികള്‍ മരട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചിരുന്നു. ഫ്ളാറ്റ് പൊളിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന പൊടി പോലും നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് നാട്ടുകാരുടെ ആരോപണം. പൊടിമൂലം ത്വക്ക് രോഗങ്ങളും, ശ്വാസം മുട്ടലും അനുഭവപ്പെടുന്നു എന്നും പരിസര നിവാസികള്‍ പറയുന്നു.
7. അതേസമയം, കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടന്‍ ഇല്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതിയ്ക്ക് കൈമാറാന്‍ ഉള്ള റിപ്പോര്‍ട്ട് വൈകും. പരിശോധനയ്ക്ക് സാവകാശം വേണം. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം മരട് കേസിലെ വിധി പകര്‍പ്പ് കിട്ടിയ ശേഷം. ദൗത്യം വിജയിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും ഉടമകളുടെ കാര്യത്തില്‍ വിഷമം ഉണ്ട്. മരട് എല്ലാവര്‍ക്കും ഒരു പാഠം ആകണം എന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് സെക്രട്ടറി പ്രതികരിച്ചു. നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മറ്റ് കെട്ടിടങ്ങളുടെ എല്ലാം റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ളാറ്റുകളും പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുക ആണ് 45 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.
8. ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് മത്സരം. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തുടര്‍ വിജയങ്ങളുടെ കരുത്തില്‍ ആണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര നേടിയ ആത്മ വിശ്വാസത്തില്‍ ആ്ണ ഓസ്‌ട്രേലിയ. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന. വിരാട് കോലി നാലാം സ്ഥാനത്തേക്ക് ഇറങ്ങും. പരുക്ക് മാറി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നുണ്ട് എങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ ആണ് ഓസീസ് ഭയക്കുന്നത്. പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് പേസ് ത്രയത്തിന് ഒപ്പം വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്ന്‍ എന്നിവരുടെ ബാറ്റുകൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. വാംഖഡേയില്‍ മഞ്ഞുവീഴ്ച ഉള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത.