എസ്.പി ഷാജഹാനും സി.ഐ അലിയാരും പരസ്പരം നോക്കി.
''തമ്പുരാനെന്താ ചിരിച്ചത്?" ചോദിച്ചത് അലിയാരാണ്.
ബലഭദ്രൻ കൗതുകം ഭാവിച്ച് അയാളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
''ഒരിക്കലും കോടതി എന്നെ തൂക്കിക്കൊല്ലത്തില്ല അലിയാരേ. കാരണം പെട്ടെന്നുണ്ടായ വികാരാവേശത്താൽ ഞാൻ അങ്ങനെ ചെയ്തതാണെന്ന് എന്റെ അഡ്വക്കേറ്റിനു സ്ഥാപിക്കാൻ കഴിയും. തന്റെ മകളെ റേപ്പു ചെയ്ത ഒരുവനെ പിതാവ് തോക്കെടുത്ത് വെടിവച്ചുകൊന്നില്ലേ? എന്നിട്ട് കോടതി അദ്ദേഹത്തെ ശിക്ഷിച്ചോ? സ്വന്തം രക്തത്തിനു വേദനിക്കുമ്പോൾ സാറായാലും അങ്ങനെ ചെയ്തെന്നിരിക്കും. വരും വരായ്‌കകളുടെ കാര്യം പിന്നീടല്ലേ?"
എസ്.പിയും സി.ഐയും കണ്ണുകൾ കൊണ്ട് സംസാരിച്ചു.
''പക്ഷേ, ഇതിനേക്കാൾ അപ്പുറം ഒരുപാട് ചാർജുകൾ തമ്പുരാനു മേൽ ചാർത്തപ്പെട്ടാലോ?"
ഷാജഹാൻ ബലഭദ്രന്റെ കണ്ണുകളിലേക്കു നോട്ടമുറപ്പിച്ചു.
''മനസ്സിലായില്ല..." ബലഭദ്രന്റെ നെറ്റി ചുളിഞ്ഞു.
''അതായത്..." എസ്.പി വിശദീകരിച്ചു.
''ഒരു കേസിൽ ഒരാൾ കസ്റ്റഡിയിൽ ആകുമ്പോഴാണല്ലോ മറ്റ് പല കേസുകൾക്കും തുമ്പുണ്ടാകുന്നത്..."
ബലഭദ്രന്റെ കണ്ണുകൾ ഇടുങ്ങി.
''കാര്യം എന്തായാലും തുറന്നു പറ ഷാജഹാൻ സാറേ... പ്രജീഷിന്റെ കൊലപാതകം... അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏൽക്കുന്നു. കോടതിയിലും ഞാൻ അങ്ങനെതന്നെ പറയും. കൂടെയുണ്ടായിരുന്നവരെ മാപ്പുസാക്ഷിയാക്കുവാൻ പറ്റുമെങ്കിൽ അതും അങ്ങനെതന്നെ. അല്ലാതെ മറ്റൊരു കേസും എന്റെ പേരിലില്ല. ഉണ്ടാകുകയുമില്ല."
ഷാജഹാൻ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.
''തമ്പുരാൻ. കഷ്ടകാലം ആരംഭിക്കുമ്പോൾ അത് നാലുപാടും നിന്നാവും എന്നാണു ചൊല്ല്. തമ്പുരാനിപ്പോൾ കഷ്ടകാലമാ...
ആക്രമണങ്ങൾ ഉണ്ടാവും."
''ഒന്നുമില്ല സാറേ. രാജരക്തമാ എന്റേത്. ഒരു കഷ്ടകാലത്തിനും എന്നെ വളഞ്ഞിട്ട് ആക്രമിക്കാൻ കഴിയില്ല."
ബലഭദ്രൻ ജൂബ്ബയുടെ കൈകൾ മുകളിലേക്കു തള്ളിവച്ചു. പിന്നെ മീശയിൽ തടവി.
''പക്ഷേ ഞങ്ങൾക്കു കിട്ടിയിരിക്കുന്ന രഹസ്യവിവരങ്ങൾ ഞെട്ടിക്കുന്നതാണ് തമ്പുരാൻ. വടക്കേ കോവിലകത്ത് വർഷങ്ങളായി നടന്നുവന്നിരുന്ന അനിഷ്ടസംഭവങ്ങളിൽ തമ്പുരാനു മാത്രമല്ല, മരണപ്പെട്ട അനന്തഭദ്രൻ തമ്പുരാനും കൂടി പങ്കുണ്ടെന്നാണ്."
''വാട്ട് ഡൂ യൂ മീൻ?" അലറിക്കൊണ്ട് മേശയിൽ കൈപ്പത്തികൊണ്ട് ആഞ്ഞടിച്ച് ബലഭദ്രൻ ചാടിയെണീറ്റു.
ശേഷം എസ്.പിക്കു നേരെ കൈചൂണ്ടി.
''ഞാൻ എന്നും കാക്കിയെ ബഹുമാനിക്കുന്നവനാണ്. അതിനാൽ ക്ഷമിക്കുന്നു. അല്ലാതെ എന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കുവാൻ ശ്രമിച്ചാലുണ്ടല്ലോ..."
ഷാജഹാന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ നിന്നു.
''ദേഷ്യം ഒന്നിനും പരിഹാരമല്ല തമ്പുരാൻ. അതിന് സത്യത്തെ മറയ്ക്കാനും കഴിയില്ല. ഞങ്ങളുടെ അറിവ് അനുസരിച്ച് രാമഭദ്രൻ തമ്പുരാന്റെയും വസുന്ധരത്തമ്പുരാട്ടിയുടെയും മകന്റെയും മരണങ്ങൾക്കു പിന്നിൽ നിങ്ങൾ അനുജന്മാർ രണ്ട് പേർക്കും പങ്കുണ്ടായിരുന്നു."
''ഷാജഹാൻ." ബലഭദ്രന്റെ കണ്ണുകൾ കത്തി. മുഖം വലിഞ്ഞുമുറുകി. കടപ്പല്ലുകൾ ഞെരിഞ്ഞു.
''കൂൾ ഡൗൺ തമ്പുരാൻ." ഷാജഹാൻ പറഞ്ഞു. ''ആദ്യം നിങ്ങളിരിക്ക്. ''ഞാൻ ബാക്കി കൂടി പറയട്ടെ."
ഇമകൾ പോലും ചലിപ്പിക്കാതെ ബലഭദ്രൻ ഇരുന്നു.
''സംശയം തോന്നിയ നിമിഷം മുതൽ ഈ അലിയാർ നിങ്ങളുടെ ഭൂതകാലത്തിലൂടെ ഒന്നു സഞ്ചരിച്ചു. അപ്പോൾ അറിയാൻ കഴിഞ്ഞത് ഇതാണ്. അഷ്ടിക്കു വകയില്ലാത്ത ഒരു കോവിലകത്തെ കുട്ടിയായിരുന്നു വസുന്ധര. അവരുടെ ജ്വലിക്കുന്ന സൗന്ദരത്തിനു മുൻപിൽ രാമഭദ്രൻ തമ്പുരാൻ വിവാഹിതനാകുവാൻ തീരുമാനിക്കുകയായിരുന്നു. അതുവരെ വിവാഹം വേണ്ടെന്നു നിശ്ചയിച്ചു ജീവിച്ച തമ്പുരാന്റെ മനം മാറ്റം നിങ്ങൾ അനുജന്മാർ രണ്ടുപേരെയുമാണ് അസ്വസ്ഥരാക്കിയത്."
''എന്തിന് ? ഞങ്ങളെന്തിന് അങ്ങനെ ചെയ്യണം?"
അലർച്ച പോലെയായിരുന്നു ബലഭദ്രന്റെ ശബ്ദം.
''രാമഭദ്രൻ അവിവാഹിതനായി നിന്നാൽ കോവിലകവും അനുബന്ധ വസ്തുക്കളും നിങ്ങൾ രണ്ടുപേർക്കും കിട്ടുമെന്നു കരുതി. പക്ഷേ, വിവാഹത്തിൽ നിന്ന് ഏട്ടൻ തമ്പുരാനെ പിൻതിരിപ്പിക്കാൻ ഭയമായിരുന്നു രണ്ടാൾക്കും. അതിനാൽ തന്നെ ഏട്ടന്റെ വിവാഹശേഷം അധികനാൾ നിങ്ങൾ രണ്ടുപേരും കോവിലകത്ത് താമസിച്ചില്ല... അതു മാത്രമായിരുന്നില്ല കരുളായിയിൽ വീടുവയ്ക്കാൻ കാരണം. ഏട്ടത്തിയുടെ സൗന്ദര്യം നിങ്ങളെ ഭ്രാന്തനാക്കി. ഒരുവട്ടം അത് പ്രകടിപ്പിക്കുകയും ചെയ്തു. വിവരം ഏട്ടത്തി ഏട്ടനോടു പറയുമെന്നൊരു ഭീതിയും നിങ്ങളെ വലയം ചെയ്തതോടെയായിരുന്നു വീടുമാറ്റം."
ഷാജഹാൻ ഒന്നു നിർത്തി.
ബലഭദ്രൻ ഒരു നിമിഷം ശിലയായി.
അയാൾ വിയർത്തു തുടങ്ങി.
ഷാജഹാൻ തുടർന്നു:
''വീടുമാറിയിട്ടും തമ്പുരാന് വസുന്ധര തമ്പുരാട്ടിയോടുള്ള പക മനസ്സിൽ കിടന്നു പുകഞ്ഞു. എങ്ങനെയും അവരെ കോവിലകത്തുനിന്നു പുകച്ചു ചാടിക്കാനുള്ള ശ്രമം തുടങ്ങി നിങ്ങൾ അനുചരന്മാർ. എന്നാൽ ഒന്നും ഫലവത്തായില്ല... ഈ സമയത്താണ് പണ്ടെന്നോ പക മനസ്സിൽ അടക്കിവച്ച സമാന ചിന്താഗതിക്കാരനായ ഒരാളുമായി നിങ്ങൾ ചങ്ങാത്തത്തിലായത്..."
അത്രയും പറഞ്ഞിട്ട് ഷാജഹാൻ ബലഭദ്രന്റെ മുഖഭാവം ശ്രദ്ധിച്ചു.
വിയർക്കുന്നു എന്നതൊഴികെ അയാളിൽ കാര്യമായ മാറ്റം പ്രകടമാകുന്നില്ല.
''ഞാൻ ഈ പറഞ്ഞതിനെ തമ്പുരാന് എതിർക്കാൻ തോന്നുന്നില്ലേ?"
ഷാജഹാൻ തിരക്കി.
'' ഞാൻ ഒരിക്കലും കെട്ടുകഥകൾക്കു പിന്നാലെ പോകില്ല ഷാജഹാൻ. ഈ പറഞ്ഞതിനൊക്കെ തെളിവോ സാക്ഷിയോ ഉണ്ടെങ്കിൽ നിങ്ങൾ കൊണ്ടുവരൂ. അപ്പോൾ ഞാൻ സംസാരിക്കാം. പിന്നെ ഞാൻ ആരുമായി ചങ്ങാത്തത്തിലായെന്നാ പറഞ്ഞത്?" തമ്പുരാൻ, എസ്.പിയെ സൂക്ഷിച്ചുനോക്കി.
(തുടരും)