kaliyikavila-murder

തിരുവനന്തപുരം: നാഗർകോവിൽ ദേശീയ പാതയിൽ കേരള തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പിടിയിൽ. പ്രതികളായ അബ്‌ദുൾ ഷമീം, തൗഫീക് എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ ഇന്ദ്രാളി റെയിൽവെ സ്‌റ്റേഷൻ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണെ ബുധനാഴ്ച രാത്രിയാണ് ഇവർ വെടിവച്ച് കൊലപ്പെടുത്തിയത്.

പ്രതികൾക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ നടന്ന ആയുധപരിശീലനത്തിൽ പങ്കെടുത്തവരും കന്യാകുമാരിയിൽ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തിൽപെട്ടവരുമാണ് പ്രതികൾ. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുൽ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച് നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. തുടർന്ന് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെ സംഭവസ്ഥലത്തിന് സമീപമുള്ള മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജിൽ നിന്നാണ് തിരിച്ചറിഞ്ഞത്.

പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ അയച്ചു. പ്രതികൾ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ച് വരവെയാണ് ഇരുവരും പിടിയിലാകുന്നത്. സംഘത്തിൽ തന്നെയുള്ള രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു.

തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ. തൗഫീക്കും ഷമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലീസിന്റെ നിഗമനം.