chetak

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്നു ചേതക് സ്കൂട്ടർ. ഹമാര ബജാജ് (നമ്മുടെ ബജാജ്) എന്നാണ് ആളുക‍ൾ ചേതക്ക് സ്കൂട്ടറിനെ വിളിച്ചിരുന്നത്. നീണ്ടകാലം വാഹന വിപണിയിൽ നിന്നും മാറി നിന്ന ശേഷം ഇപ്പോഴിത പുത്തൻ കരുത്തോടെ നിരത്ത് കീഴടക്കാൻ തിരിച്ചു വന്നിരിക്കുകയാണ് ചേതക്ക്. ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെ ഇലക്ട്രിക് വിഭാഗത്തിലേക്കാണ് ചേതക്ക് പുതുതായി കടന്ന് വന്നത്. പൂനെയിലെ ബജാജ് പ്രോബൈക്കിംഗ് ഡീലർഷിപ്പ് വഴിയാണ് ആദ്യ വിൽപന നടന്നത്.

മെറ്റൽ ബോഡിയിലാണ് പൂർണമായും ചേതക്ക് നിർമ്മിച്ചിരിക്കുന്നത്. പ്രീമിയം പെയിന്റ് ഫിനിഷ്, അലോയ് വീലുകൾ, എൽ.ഇ.ഡി ലൈറ്റിംഗ് എന്നിവ എറ്റവും മികച്ച ക്വാളിറ്റിയോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. റെട്രോ ഇറ്റാലിയൻ സ്കൂട്ടറുകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചേതക്ക് കാഴ്ചയിൽ ആകർഷണീയവുമാണ്. ഇല്യൂമിനേറ്റ‌ഡ് സ്വിച്ച് ഗിയർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് ഇഗ്നിഷൻ, ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ എന്നിങ്ങനെ നിരവധി സവിശേഷതകളാണ് പുതിയ ചേതക്കിൽ. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾളിൽ ഇത്രയേറെ സവിശേഷതകളുള്ളത് ഇതാദ്യമാണ്.

chetak-1

ഇക്കോ, സ്പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ പവറാണ് ചേതക്കിനുള്ളത്. ഇരു മോഡലുകളിലെയും പവർ എത്രയാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇക്കോ മോഡിൽ 95 കിലോമീറ്ററും,​ സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും പവർ ലഭിക്കുമെന്നാണ് കരുതുന്നത്.

ട്രയൽ-ലിങ്ക് ഫ്രണ്ട് സസ്‌പെൻഷനും,​ സിംഗിൾ ഷോക്കുമാണ് റൈഡിംഗ് സുഖകരമാക്കുന്നത്. മുന്നിലും പുറകിലും ഡിസ്ക് ബ്രേക്കുകളാതിനാൽ ബ്രേക്കിംഗ് കൂടുതൽ സുരക്ഷിതമാവുന്നു. പാർക്കിംഗ് എളുപ്പമാക്കാൻ സ്കൂട്ടറിന് റിവേഴ്സ് പാർക്കിംഗ് മോഡും ഉണ്ട്. സ്കൂട്ടറിന് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയും ലഭിക്കും.

മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് വിലയുടെ കാര്യത്തിൽ അല്പം മിന്നിലാണ് ചേതക്ക്. സ്കൂട്ടറിന് 1.10 മുതൽ 1.20 ലക്ഷം രൂപയാണ് എക്സ്‌ഷോറും വില പ്രതീക്ഷിക്കുന്നത്. വേഗതയേറിയ ചാർജിംഗ് സംവിധാനം ചേതക്ക് വാഗ്ദാനം ചെയ്യുന്നില്ല എന്നാതാണ് വാഹനത്തിന്റെ ഏക പോരായ്മ.