iran-

ബാഗ്‌ദാദ്: ഉക്രെയിൻ യാത്രാവിമാനം മിസൈലാക്രമണത്തിൽ വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമായതോടെ, ഉത്തരവാദികളിൽ ചിലരെ അറസ്റ്റ് ചെയ്ത് ഇറാൻ.

‘സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’– ഇറാന്റെ ജുഡിഷ്യറി വക്താവ് ഘോലംഹുസൈൻ ഇസ്മയിലി പറഞ്ഞു. എത്ര പേരെ അറസ്റ്റ് ചെയ്തെന്നോ ആരെല്ലാമാണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സുരക്ഷാസേനയെയും കലാപനിയന്ത്രണ സേനയെയും കൂസാതെ പ്രതിഷേധക്കാർ തെരുവുകൾ കൈയടക്കുന്നതിൽ ഭരണകൂടം ആശങ്കയിലാണ്. ‘ഇതൊരു സാധാരണ കേസല്ല. ഉന്നത ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി രൂപീകരിക്കണം. ഡസൻകണക്കിനു വിദഗ്ദ്ധരെ അതിൽ ഉൾപ്പെടുത്തണം. ലോകം മുഴുവൻ ഈ കോടതിയുടെ നടപടികളെ വീക്ഷിക്കും. വേദനാജനകവും മറക്കാനാവാത്തതുമായ പിഴവാണിത്. വിമാനാപകടത്തിന് ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടണം.’ – ടി.വി സന്ദേശത്തിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കി.

ആദ്യം നിഷേധിച്ചെങ്കിലും, റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിൽ കാട്ടിയ അതിജാഗ്രതയാണ് ‘അബദ്ധത്തിൽ’ യാത്രാവിമാനം വീഴ്ത്തിയതിന് പിന്നിലെന്ന് ഇറാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ ഭരണകൂടത്തിനും പരമോന്നത നേതൃത്വത്തിനും എതിരായി രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

രാജ്യത്തിനകത്തെ പ്രതിഷേധങ്ങളെ ശമിപ്പിക്കുകയും രാജ്യാന്തര തലത്തിൽ പ്രതിച്ഛായ കൂടുതൽ മോശമാകാതിരിക്കാനുമാണ് ഇറാന്റെ നടപടിയെന്നാണു വിലയിരുത്തൽ. 176 പേരാണ് വിമാനം തകർന്നുവീണ് മരിച്ചത്.