car-
അപകടത്തിൽപ്പെട്ട കാർ


ഇരിങ്ങാലക്കുട: തുമ്പൂരിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരികയായിരുന്നവരുടെ നേർക്ക് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി രണ്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. മദ്യപിച്ച് കാറോടിച്ച ഡ്രൈവർ ഉൾപ്പെടെ നാല് പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തു.

കൊറ്റനെല്ലൂർ സ്വദേശികളായ പേരാംമ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23), കണ്ണംതറ ബാബു (60), മകൻ ബിബിൻ (29) എന്നിവരാണ് മരിച്ചത്. അപകടം സംഭവിച്ച് 15 മിനിട്ടോളം വഴിയിൽ കിടന്ന ഇവരെ ആളൂർ എസ്.ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിലും ഉത്സവത്തിന് എത്തിയ നാട്ടുകാരുടെ വാഹനത്തിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്. കാർ ഓടിച്ചിരുന്ന വള്ളിവട്ടം പൈങ്ങോട് സ്വദേശി മാളിയേക്കൽ അഗ്‌നൽ (21), ചണശ്ശേരി ദയലാൽ (20), വെങ്ങാശ്ശേരി ജോഫീൻ (20), എരുമാക്കാട്ടുപറമ്പിൽ റോവിൻ (23) എന്നിവരെയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അറസ്റ്റുചെയ്തത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

തുമ്പൂർ കോൺഗ്രസ് ഓഫീസിനു സമീപമാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ അപകടമുണ്ടായത്. വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന്‌ അമിതവേഗത്തിൽ വളവുതിരിഞ്ഞുവന്ന കാർ റോഡരികിലെ പോസ്റ്റിൽ ഇടിക്കാതിരിക്കാൻ എതിർദിശയിലേക്കു വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെ നടന്നുവന്ന നാലുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിറുത്താതെ പോയ കാർ നാട്ടുകാർ പിൻതുടർന്ന് പിടികൂടി. സുബ്രനും ബാബുവും ബിബിനും അപകടസ്ഥലത്തുതന്നെ മരിച്ചു. പ്രജിത രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപകടസ്ഥലം പരിശോധിച്ചു. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. മരിച്ച സുബ്രനും ബാബുവിനും കൂലിപ്പണിയാണ്. ബിബിൻ ആട്ടോറിക്ഷാ ഡ്രൈവറും വിജിത ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുമാണ്. ബാബുവിന്റെ ഭാര്യ: ശോഭന. മകൾ: ബിബിത. സുബ്രന്റെ ഭാര്യ: ഉഷ. മകൻ: പ്രജിത്ത്. ബാബുവിന്റെയും ബിബിന്റെയും ശവസംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.