മാനന്തവാടി: വയനാട്ടിൽ വീണ്ടും കരുങ്ങ് പനി സ്ഥിരീകരിച്ചതിനെ രോഗം ബാധിച്ച യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലിയിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിയാണ് ചികിത്സയിലുള്ളത്. പുതുവർഷാരംഭത്തിൽ ഇതേ പ്രദേശത്തെ 28 കാരിക്കും, കഴിഞ്ഞയാഴ്ച 60കാരനും കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 60കാരൻ ആശുപത്രി വിട്ടു.
എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ കുരങ്ങുശല്യം രൂക്ഷമാണ്. 2019ൽ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടുപേർ മരിക്കുകയും ചെയ്തു. അപ്പപ്പാറയിൽ വീണ്ടും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ലക്ഷണങ്ങൾ
വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവ
ഇത്തരം ലക്ഷണങ്ങളുള്ള എല്ലാവർക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം
മുൻകരുതലുകൾ
വനത്തിൽ പോകുമ്പോൾ ശരീരം മുഴുവൻ മുടുന്ന കട്ടിയുള്ള വസ്ത്രം ധരിക്കുക
കാലുകളിലൂടെ ചെള്ളുകയറാത്ത വിധം ഗൺ ബൂട്ട് ധരിക്കുക
ചെള്ളിനെ അകറ്റുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക
വനത്തിൽ പോയിവന്നാൽ വസ്ത്രത്തിൽ ചെള്ളില്ലെന്ന് ഉറപ്പാക്കുക
ചെള്ളു കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക
പ്രതിരോധ വാക്‌സിൻ യഥാസമയം ഉപയോഗിക്കുക