ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിച്ചുള്ള പ്രസംഗത്തിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരൻ ഇർഫാൻ ഹബീബിന് വക്കീൽ നോട്ടീസ്. ഇർഫാൻ ഹബീബിന്റെ പ്രസംഗം ഇന്ത്യയുടെ അഖണ്ഡതയെയും നാനാത്വത്തിൽ ഏകത്വത്തെയും ചോദ്യം ചെയ്യുന്നിുവെന്ന് കാണിച്ച് അലിഗഡ് കോടതി അഭിഭാഷകൻ സന്ദീപ് കുമാർ ഗുപ്തയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാപ്പുപറഞ്ഞില്ലാങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു..
അലിഗഡ് മുസ്ലീം സർവകലാശാലയിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ 'ഷാ എന്നത് പേർഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരിൽ നിന്ന് മാറ്റാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആർ.എസ്.എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവർക്കർ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു. കേന്ദ്രസർക്കാരിന്റെ സ്വച്ഛത അഭിയാൻ പദ്ധതിയിൽ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി'- തുടങ്ങിയ ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിവിധ ദിനപത്രങ്ങളിൽ ഇർഫാൻ ഹബീബിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സന്ദീപ് കുമാര്‍ ഗുപ്ത പറയുന്നു.