
ന്യൂഡൽഹി: നിർഭയ കേസിൽ സമർപ്പിച്ച തിരുത്തൽ ഹർജികൾ സുപ്രിംകോടതി തള്ളിയതിന് പിന്നാലെകേസിലെ പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി. വധശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് സിംഗ് ദയാഹർജി നൽകിയത്.
നേരത്തെ വിനയ് ശർയും മുകേഷും സമർപ്പിച്ച തിരുത്തൽ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ബാനുമതി, അശോക് ഭൂഷൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.അക്ഷയ് കുമാർസിംഗ്, പവൻഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികൾ.
തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹർജി സമര്‍പ്പിച്ചത്. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ഡല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.