തൃശൂർ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക ഫണ്ടായി ആകെ 1400 കോടി രൂപയോളം അനുവദിച്ചതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തൃശൂർ, പാലക്കാട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 961 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്.
റീബിൽഡ് കേരളയിൽ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വികസന നിധിയിൽ നിന്ന് 480 കോടി രൂപ 2019ലെ പ്രളയമുണ്ടായ എട്ട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് വേറെയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഏകദേശം 1400 കോടി രൂപയുടെ ഫണ്ടുകൾ തുടർന്ന് ഉപയോഗിക്കാനാവുന്നതാണ്. ഗ്രാമീണ റോഡ് നന്നാക്കൽ മഴക്കാലത്തിന് മുമ്പ് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
ട്രഷറിയിൽ ആവശ്യത്തിന് പണം ഇല്ലെന്നതാണ് പ്രശ്നത്തിന്റെ ലളിതമായ കാരണം. ജി.എസ്.ടി സംബന്ധിച്ച് നൽകേണ്ട നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകിയില്ല. കടമെടുക്കാൻ കഴിഞ്ഞ വർഷം കേന്ദ്രം അനുവദിച്ചിരുന്ന പരിധി 24000 കോടി രൂപയായിരുന്നു. ഈ വർഷം ട്രഷറിയിലെ നിക്ഷേപം പോലും കടമായി കണക്കാക്കി 6000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. എല്ലാം മാർച്ച് മാസത്തിൽ ചെയ്താൽ മതിയെന്ന, പദ്ധതികൾ സംബന്ധിച്ച പരമ്പരാഗത സമീപനത്തിൽ തിരുത്തൽ വേണമെന്ന് മന്ത്രി പറഞ്ഞു. ബില്ലുകൾ സമർപ്പിക്കുന്നത് മാർച്ച് 31 ലേക്ക് നീട്ടരുതെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷനായി. മേയർ അജിത വിജയൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പഞ്ചായത്ത് വകുപ്പ് അഡീഷനൽ ഡയറക്ടർ എം.പി. അജിത് കുമാർ, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ബൽരാജ്, ഗ്രാമവികസന വകുപ്പ് അഡീഷനൽ ഡവലപ്മെന്റ് കമീഷണർ വി.എസ്. സന്തോഷ്കുമാർ പങ്കെടുത്തു.