snc
പുനലൂർ ശ്രീനാരായണ കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി കെ.രാജു, നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പ്രദീപ് തുടങ്ങിയവർ സമീപം

പുനലൂർ:ശ്രീനാരായണ ഗുരുദേവന്റെ സാരോപദേശങ്ങളെ പ്രായോഗിക തലത്തിലേക്ക് വളർത്തുന്ന കേന്ദ്രങ്ങളാണ് ശ്രീനാരായണ കോളേജുകളെന്നും അക്കാര്യത്തിൽ പുനലൂർ എസ്.എൻ കോളേജ് മുൻപന്തിയിലാണെന്നും സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനം പ്രായോഗികമാക്കാനുള്ള ശ്രമം ശ്ളാഘനീയമാണ്.പുനലൂർ ശ്രീനാരായണ കോളേജിന്റെ മൂന്നു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവൻ തൃശൂരിലെ കാരമുക്കിൽ വിഗ്രഹത്തിന് പകരം ദീപ (വിളക്ക്) പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ആ വിളക്ക് ജ്ഞാനത്തിലേക്കും അഖണ്ഡ ബോധത്തിലേക്കുമുള്ള പാതയിൽ വെളിച്ചം വിതറുകയാണ്. `സാവിദ്യയാ വിമുക്തയേ' (വിദ്യ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു) എന്ന വേദാന്ത സൂക്തം നാം മാനിക്കണം.സുവർണ ജൂബിലി ആഘോഷങ്ങൾ ഭാവിയിലേക്കുള്ള ചവിട്ടുപടിയാണ്. വികസനത്തിന്റെ മുഖം നാം തിരിച്ചറിയുകയും അതിലേക്കുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേണം. പ്രായോഗിക പരിജ്ഞാനത്തിൽ ഊന്നൽ നൽകുന്ന സംരംഭങ്ങൾക്കാെപ്പം പാരിസ്ഥിതിക ബോധംകൂടി വിദ്യാർത്ഥികളിൽ വളർത്തണം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതാവായ വെള്ളാപ്പള്ളി നടേശൻ ഗുരുവിന്റെ ആദർശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും,സോദരത്വേനെ വാഴുന്ന മാതൃകാ സ്ഥാപനമാണ് പുനലൂർ ശ്രീനാരായണ കോളേജ് എന്ന് മലയാളത്തിൽ ഗവർണർ പ്രശംസിച്ചു.

സംസ്ഥാന സർക്കാർ പുതിയ കോഴ്സുകൾ അനുവദിച്ചാൽ പുനലൂർ കോളേജിലും അത് ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയും ശ്രീനാരായണ കോളേജുകളുടെ മാനേജരുമായ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.