momotta

ക്വലാലംപൂർ: മലേഷ്യാ മാസ്റ്രേഴ്സ് ബാഡ്മിന്റണിൽ ചാമ്പ്യനായ ശേഷം എയർ പോർട്ടിലേക്ക് പോകുന്നതിനിടെ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ടയ്ക്ക് രണ്ട് മാസത്തെ വിശ്രമം. മൊമോട്ടയുടെ മുഖത്ത് മുറിവുകളും ശരീരത്തിൽ നിറയെ ചതവുകളുമുണ്ടെങ്കിലും പരിക്കുകൾ വലിയ ഗുരുതരമല്ല. മൂക്കിലും താടിയിലും മുറിവുകൾ ഉണ്ടെങ്കിലും പൊട്ടൽ ഇല്ലെന്ന് ജപ്പാൻ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ജനറൽ കിൻസി സെനിയ പറഞ്ഞു.

മൊമോട്ടയും മറ്രും സഞ്ചരിച്ചിരുന്ന വാൻ ഇന്നലെ പുലർച്ചെ മലേഷ്യൻ പ്രാദേശിക സമയം 4.45ന് ക്വലാലംപൂരിൽ വച്ച് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വാനിന്റെ ഡ്രൈവർ മരിച്ചിരുന്നു. മൊമോട്ടയ്ക്കൊപ്പം വാനിലുണ്ടായിരുന്ന അസിസ്റ്രന്റ് കോച്ച് ഫിസിയോ തെറാപ്പിസ്റ്റ്, ജാപ്പനീസ് ബാഡ്മിന്റൺ അസോസിയേഷൻ ഭാരവാഹി എന്നിവർക്ക് നിസാരപരുക്കുകൾ ഉണ്ട്. ദക്ഷിണ ക്വലാലംപൂരിലെ പുത്രജയയിലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള മൊമോട്ട ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കും. 30 ടൺ ഭാരമുള്ള ട്രക്ക് വളരെ പതുക്കെ പോയതിനാലാണ് വാനിന്റെ പുറകിലിരുന്നവർക്ക് വലിയ പരിക്ക് ഏൽക്കാതിരുന്നത്. വാനിന്റെ മുൻ ഭാഗം പൂർണമായി തകർന്നു.

മികച്ച ഫോമിൽ കളിക്കുന്ന മൊമോട്ടയ്ക്ക് അപ്രതീക്ഷിതമായുണ്ടായ പരിക്ക് വലിയ തിരിച്ചടിയായി. സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിലെ സ്വർണ മെഡൽ ലക്ഷ്യം വച്ചുള്ള മൊമോട്ടയുടെ തയ്യാറെടുപ്പുകൾക്കും അപകടം പാരയായി.

2019ൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും ,ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പും ഏഷ്യ ചാമ്പ്യൻഷിപ്പുമുൾപ്പെടെ 11 കിരീടങ്ങളാണ് 21 കാരനായ മെമോട്ട സ്വന്തമാക്കിയത്.

ചൂതാട്ട കേന്ദ്രം സന്ദർശിച്ചതിന്റെ പേരിൽ 2016ൽ വിലക്ക് നേരിട്ട ശേഷം ഗംഭീര തിരിച്ച് വരവാണ് മൊമോട്ട ബാഡ്മിന്റൺ കോർട്ടിൽ നടത്തിയത്