15-abhiraj

ചെങ്ങന്നൂർ: ബൈക്ക് കാറിനിടിയിൽപ്പെട്ട് തൊഴിൽമേളയ്ക്കെത്തിയ രണ്ട് യുവാക്കൾ മരിച്ചു. മുളക്കുഴ കാരയ്ക്കാട് ഇടത്തിലേത്ത് ജനി ഭവനിൽ എം കെ ജയൻ- സ്മിത ദമ്പതികളുടെ മകൻ അമ്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ ശ്രീരാഗത്തിൽ ഭാസിയുടെ മകൻ അഭിരാജ് (19) എന്നിവരാണ് മരിച്ചത്. എം സി റോഡിൽ അരമനപ്പടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. രാവിലെ ഗവ.ഐ ടി. ഐ യിൽ നടന്ന സ്‌പെക്ട്രം 2020 തൊഴിൽ മേളയ്ക്കെത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം ഐ.ടി.ഐയിൽ ഇലക്ട്രിക്കൽ സെക്ഷനിൽ പഠിച്ചതാണ് ഇവർ. മേളയ്ക്ക് ശേഷം അഭിരാജിനെ ചെങ്ങന്നൂർ കെ.എസ് ആർ ടി സി ഡിപ്പോയിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം.ഇവർസഞ്ചരിച്ച ബൈക്ക് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കിന്റെ ഹാന്റിൽ തട്ടി നിയന്ത്രണംതെറ്റി കാറിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.