കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീ ദേവിക്ക് പ്രിയങ്കരമായ മഞ്ഞൾപ്പറ, മഞ്ഞൾ അഭിഷേക അർച്ചനകൾ അർപ്പിക്കാൻ ഭക്തരുടെ പ്രവാഹം. കാത്തിരിപ്പിനൊടുവിൽ മഹാദേവനെ പരിണയിച്ച, സന്തോഷവതിയായ ശ്രീപാർവതീ ദേവിയാണ് ക്ഷേത്രത്തിലെ സങ്കല്പം. അതിനാൽ, ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ മഞ്ഞയും മഞ്ഞളും ദേവിക്ക് പ്രിയപ്പെട്ടതുമാണ്.
മംഗല്യ സൗഭാഗ്യത്തിനും ദീർഘമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനുമാണ് മഞ്ഞൾപ്പറ കഴിക്കുന്നത്. ദർശനശേഷം പറ നിറയ്ക്കാൻ വിശാലമായ സൗകര്യം ക്ഷേത്ര ട്രസ്‌റ്റ് ഒരുക്കിയിട്ടുണ്ട്. മഞ്ഞളും കുങ്കുമവുമാണ് ഭക്തർക്ക് പ്രസാദമായി നൽകുന്നത്. രോഗശാന്തിക്കും ആയുർസൗഖ്യത്തിനുമുള്ള എള്ളുപറ അർച്ചന മഹാദേവന് ഏറെ വിശേഷപ്പെട്ടതാണ്.