warner

ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയ 10 വിക്കറ്രിന് ഇന്ത്യയെ കീഴടക്കി

വാർണർക്കും ഫിഞ്ചിനും സെഞ്ച്വറി

മുംബയ്: ആസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്രിന്റെ വമ്പൻ തോൽവി. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ നിശ്ചിത 49.1 ഓവറിൽ 255 റൺസിന് ആൾ ഔട്ടായി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ ഓപ്പണർമാരായ നായകൻ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടെയും സെഞ്ച്വറികളുടെ മികവിൽ വിക്കറ്രൊന്നും നഷ്ടപ്പെടാതെ 37.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (258/0). ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി.

പേരുകേട്ട ഇന്ത്യൻ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ച ഫിഞ്ചും വാർണറും അനായാസം കംഗാരുക്കളെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഡി.ആർ.എസും അംപയറിന്റെ തീരുമാനങ്ങളും എതിരായതോടെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. 112 പന്തിൽ 17 ഫോറും 3 സിക്സും ഉൾപ്പെടെ വാർണർ 128 റൺസ് നേടിയപ്പോൾ ഫിഞ്ച് 114 പന്തിൽ 13 ഫോറും 2 സിക്സും ഉൾപ്പെടെ 110 റൺസാണ് അടിച്ചെടുത്തത്.

വ്യക്തിഗത സ്കോർ അഞ്ചിൽ നിൽക്കെ ഷാർദുൽ താക്കൂറും 90ൽ നിൽക്കെ രവീന്ദ്ര ജഡേജയും വാർണറെ പുറത്താക്കിയെങ്കിലും ഡി.ആർ.എസ് രണ്ടു തവണയും അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. വ്യക്തിഗത സ്കോർ 62ൽ നിൽക്കെ കുൽദീപിന്റെ പന്തിൽ ആരോൺ ഫിഞ്ച് ഔട്ടായിരുന്നെങ്കിലും അംപയർ അനുവദിച്ചില്ല. റിവ്യൂ അവസരം ഇന്ത്യ നേരത്തേ നഷ്ടമാക്കുകയും ചെയ്തു.ഏകദിനത്തിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ മാർക്ക് വോയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും വാർണർക്കായി. വാർണറുടെ 18-ാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഫിഞ്ചിന്റെ 16-ാമത്തെയും. പരിക്കിൽ നിന്ന് തിരിച്ചെത്തിയ ബുംറയ്ക്കും, ഷമിക്കും ഷർദ്ദുളിനും കുൽദീപിനുമൊന്നും ഓസീസ് ബൗളർമാർ ആധിപത്യം കാട്ടിയ വാങ്കഡേയിലെ പിച്ചിൽ ആധിപത്യം കാട്ടാനായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ രോഹിത് ശർമ്മയെ (10) തുടക്കത്തിലേ നഷ്ടപ്പെട്ടു. സ്റ്രാർക്കിന്റെ പന്തിൽ വാർണറാണ് ക്യാച്ചെടുത്തത്. ശിഖർധവാനും (74), കെ.എൽ. രാഹുലിനും (47) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

രാഹുൽ കീപ്പർ

ഇന്നലെ ഇന്ത്യയുടെ വിക്കറ്ര് കീപ്പർ കെ.എൽ.രാഹുലായിരുന്നു. പന്ത് ബാറ്രിംഗിനിടെ ബാൾ ഹെൽമറ്രിൽ കൊണ്ടതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതിനാലാണ് രാഹുൽ വിക്കറ്റ് കീപ്പറായത്. പന്തിന് പകരം മനീഷ് പാണ്ഡെയാണ് ആസ്ട്രേലിയൻ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്തത്.

258 റൺസിന്റെ പാർട്ട്ണർ ഷിപ്പാണ് ഒന്നാം വിക്കറ്രിൽ വാർണറും ഫിഞ്ചും കൂടി പടുത്തുയർത്തിയത്. ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെയുള്ള ഏറ്രവും വലിയ കൂട്ടുകെട്ടാണിത്.

വിക്കറ്ര് നഷ്ടപ്പെടുത്താതെയുള്ള ഏറ്രവും വലിയ രണ്ടാമത്തെ ചേസിംഗ് വിജയം.

ഇന്ത്യയിൽ നടന്ന ഏകദിനങ്ങളിൽ ഏറ്രവും വലിയ കൂട്ടുകെട്ട്

ഇന്ത്യയ്ക്കെതിരായ ചേസിംഗിൽ എതിർടീമിലെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത് ഇതാദ്യം.

ഏകദിനത്തിൽ ഡേവിഡ് വാർണർ 5000 റൺസ് തികച്ചു

ഇന്ത്യയിൽ ആസ്ട്രേലിയയുടെ തുടർച്ചയായ നാലാം ജയം