ഗോഹട്ടി: മൂന്നാമത് ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ അത്ലറ്രിക്സിൽ കേരളത്തിന് ഒന്നാം സ്ഥാനം. അത്ലറ്രിക്സ് ഇനങ്ങളുടെ അവസാന ദിനമായ ഇന്നലെ 2 വ്യക്തിഗത സ്വർണവും 2 റിലേ സ്വർണവും കേരളത്തിന്റെ അക്കൗണ്ടിൽ എത്തി. അണ്ടർ 21 പെൺകുട്ടികളുടെ ഹൈജമ്പിൽ എം. ജിഷ്ണ (1.73 മീറ്റർ ), ഇതേ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാഡോടെ അപർണ റോയ് (13.91സെക്കൻഡ്), അണ്ടർ 17 4-400 മീറ്റർ റിലേ, അണ്ടർ 21 4-400 മീറ്റർ റിലേ എന്നിവയിലാണ് കേരളത്തിന് ഇന്നലെ സ്വർണം ലഭിച്ചത്. രണ്ട് റിലേയിലും റെക്കാഡോടെയായിരുന്നു കേരളത്തിന്റെ ഫിനിഷ്. ആൺകുട്ടികളുടെ ഇതേ വിഭാഗം റിലേകളിൽ വെള്ളിയും കേരളം സ്വന്തമാക്കി. സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡാണ് ഇന്നലെ അപർമ വീണ്ടും തിരുത്തിയത്.
10 സ്വർണവും രണ്ട് വെള്ളിയും 6 വെങ്കലവുമടക്കം 18 മെഡലുകളാണ് കേരളത്തിനുള്ളത്. രണ്ടാമതുള്ള ഹരിയാനക്ക് 9 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമടക്കം 29ഉം മൂന്നാമതുള്ള തമിഴ്നാടിന് എട്ട് സ്വർണവും 16 വെള്ളിയും 7 വെങ്കലവുമടക്കം 31 മെഡലുകളുമാണുള്ളത്.