കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന പ്രസ്താവനയുമായി സീറോ മലബാർ സഭ സിനഡ്. ക്രിസ്ത്യൻ സമുദായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് പറയുന്നു. സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ച് പരാമർശമുള്ളത്.
സീറോ മലബാർ സഭയുടെ വാർഷിക സിനഡ് സമ്മേളനത്തെ സംബന്ധിച്ചുള്ള വാർത്താക്കുറിപ്പാണിത്. തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതിനായി ഏതാനും കണക്കുകളും സഭ മുന്നോട്ടുവയ്ക്കുന്നു. കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുമുള്ളവരാണ്. പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ സംസാരിക്കുന്നതെന്നും സഭ ചൂണ്ടിക്കാട്ടുന്നു.
പീഡന ദൃശ്യങ്ങളും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ലൗ ജിഹാദ് നാത്തുന്നതെന്നും സഭ പറയുന്നു. ഇക്കാര്യം ഗൗരവമായി കാണേണ്ടതാണെന്നും ഈ പ്രവണത ആശങ്ക ജനിപ്പിക്കുന്നതാണെന്നും സഭ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നുണ്ടെന്നും സഭ കുറ്റപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളിൽ ഗൗരവതരമായ ഒരു ഇടപെടൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണ് സഭ ആരോപിക്കുന്നത്.