പരശുരാമപതി സിഗ്നൽ ജംഗ്ഷനിൽ അന്ന് രാത്രി ഒൻപതുമണി കഴിഞ്ഞ സമയത്ത് ഉണ്ടായിരുന്നത് പന്ത്രണ്ടോളം പേരായിരുന്നു. ചുവന്ന വെളിച്ചം തടഞ്ഞിടുകയും പച്ച വെളിച്ചം കൈ വീശി യാത്രയാക്കുകയും ചെയ്ത വണ്ടികളിൽ ഇരിക്കുന്ന പുരുഷാരത്തെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
പരശുരാമപതിയിലെ ഓട്ടം പോയതിൽ ബാക്കിയായ രണ്ട് രാത്രി വണ്ടിക്കാർ, കള്ളൻ രാജപ്പനും അവന്റെ പകലോട്ടം കഴിഞ്ഞു വിശ്രമിക്കുന്ന ഓട്ടോറിക്ഷയും പൂക്കച്ചവടക്കാരൻ സോമരാജൻ, ലോട്ടറിക്കാരൻ വാറുണ്ണി, പരശുരാമപതി എസ്.ബി.ഐ ബ്രാഞ്ചിലെ സെക്യൂരിറ്റിക്കാരൻ യൂനുസ് കുഞ്ഞ്, എന്നിവരൊഴികെയുള്ള ആറുപേർ ആത്മാക്കളായിരുന്നു. ശരിക്കും പ്രേതാത്മാക്കൾ.
ആ ആറുപേർ സിഗ്നൽ ജംഗ്ഷൻ സ്ഥാപിതമായതിനുശേഷം അവിടെ കാലാകാലങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടവരായിരുന്നു. അവരങ്ങിനെ അവിടെ ഒത്തുകൂടാറൊന്നുമില്ല. പക്ഷേ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായിട്ടാവണം പഞ്ചായത്ത് അധികൃതർ അന്നവിടെ ഒരു വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. അതിൽ ആറുപേരുടെയും ഫോട്ടോ ചേർത്തിരുന്നു. താഴെ അടുത്തത് നിങ്ങളാവരുത് എന്നൊരു അടിക്കുറിപ്പും. ആ പരസ്യ പ്രശ്നത്തിൽ കൗതുകം പൂണ്ടാണ് പ്രേതാത്മാക്കൾ അന്നവിടെ കൂടാൻ കാരണം.
സോമരാജന്റെ കടയിലേക്ക് തമിഴൻ ലോറിയിൽ വിരുന്നുവന്ന ഒരു വണ്ട് കടയിലെ മലയാളം പാട്ടിന് ബദലായി ഇന്ത മലയാളപ്പാട്ടുക്കളൊന്നുമേ എനക്ക് തെരിയാത് എന്ന് തമിഴ് മൂളിക്കൊണ്ടിരുന്നു. രാത്രി വണ്ടിക്കാർ യാത്രക്കാരാരെങ്കിലുമൊക്കെ എത്തുമെന്ന പ്രതീക്ഷയോടെ ഓട്ടോറിക്ഷകളിൽ തന്നെയിരുപ്പാണ്. ലോട്ടറിക്കാരൻ വാറുണ്ണി കടയടക്കാനുള്ള ഒരുക്കത്തിലായിരുന്നു. മുന്നിലുള്ള ചില്ലുകൂട്ടിൽ നിരത്തിവച്ച ഭാഗ്യചിഹ്നങ്ങളെ ഒന്നുനോക്കി ചുവരിൽ തൂങ്ങിക്കിടന്ന ചിത്രത്തിലെ യേശുദേവനോട് എന്റെ കർത്താവേ എന്ന് പരിതപിച്ച് അയാൾ അവസാനത്തെ ഇലക്ട്രിക് വിളക്കും അണച്ചു. പിന്നെ തിരിച്ചുവന്ന് കത്തികൊണ്ടിരുന്ന മെഴുകുതിരിയും അണച്ച് ആരോടെന്നില്ലാതെ പിറുപിറുത്തു.
''എല്ലാറ്റിനും തീ വിലയാണ്.""
യൂനുസ് കുഞ്ഞ് ഹെഡ് സെറ്റ് ചെവിയിൽ കൊള്ളിച്ച് മൊബൈലിൽ പാട്ടുകേട്ടുകൊണ്ടിരുന്നു. വാട്സാപ്പിൽ ആരോ അയാൾക്കയച്ച ഒരു അശ്ലീല വീഡിയോയും തന്റെ വിട്ടുമാറാത്ത നടുവേദനയും ഒത്തുചേർന്ന ഒട്ടൊരു വിഷാദം അയാളുടെ മുഖത്ത് ഒട്ടിപ്പിടിച്ചുനിന്നു.
കള്ളൻ രാജപ്പൻ കടത്തിണ്ണയിലെ നിഴലിലിരുന്ന് വെളിച്ചത്തിലേക്ക് നോക്കി. കഴിഞ്ഞ കുറച്ചുകാലമായി ഒത്തുകിട്ടാത്ത ഒരു മോഷണത്തിന്റെ നിരാശ ഷൗരം ചെയ്യാത്ത മുഖത്ത് നരച്ചുകണ്ടു. ഇത്തരമൊരു ബോർഡ് വേണ്ടീരുന്നില്ല. ആത്മാക്കളുടെ കൂട്ടത്തിലെ ചന്ദ്രൻ പറഞ്ഞു.
ഈ മുന്നറിയിപ്പിലൊന്നും കാര്യമില്ല. എന്റെ കാര്യം നോക്ക് റോഡരികിൽ നിന്ന എന്നെ നിയന്ത്രണം വിട്ട കാറല്ലേ വന്നിടിച്ചത്. എന്നിട്ടിപ്പോ പഞ്ചായത്തുകാർ വച്ച ബോർഡ് വായിച്ചാ തോന്നും നമ്മള് ചാവാൻ തുനിഞ്ഞിറങ്ങീതാന്ന്.
ഇരുന്നൂറ്റിയമ്പത് സിസിയുടെ ബൈക്ക് അടിതെറ്റി വീണതിൽ രക്തസാക്ഷിയാക്കപ്പെട്ട അനൂപ് എന്ന ചെറുപ്പക്കാരനൊഴിച്ച് ബാക്കി എല്ലാവരും അതിനോട് യോജിച്ചു. വാഹനങ്ങൾക്കിടയിലൂടെ തലങ്ങും വിലങ്ങും വണ്ടിയോടിച്ചതിന്റെ ഒരു കുറ്റബോധം അനൂപിനുള്ളിൽ നിറഞ്ഞു. അതുകൊണ്ടാകാം അയാൾ തുടക്കത്തിൽ ചർച്ചകളിൽ നിശബ്ദത പാലിക്കുകയായിരുന്നു.
ഇനി ആരാണാവോ എന്നൊരു ചോദ്യം അവർക്കിടയിൽ ആശങ്കപ്പെട്ടു നിന്നതുപോലെ തോന്നി.
ആ സമയത്താണ് തെക്കുനിന്നും വടക്കോട്ട് തിരക്കിട്ടു പോകുന്ന ഒരു കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ വന്ന് നിന്നത്. അതിൽ കുത്തിനിറക്കപ്പെട്ട മനുഷ്യരിൽ നിന്നും തെറിച്ചു വീണെന്ന പോലെയാണ് അഹല്യ പുറത്തുവന്നത്. പുരുഷാരത്തിന്റെ മേലുകീഴു നോട്ടമില്ലാത്ത വിയർപ്പു കൊട്ടയിൽ നിന്നും വെളിയിലേക്കിട്ടതിന്റെ ആശ്വാസത്തിൽ അവൾ ദീർഘമായൊന്നു ശാസിച്ചു. പിന്നെ ബാഗിൽ നിന്നും മൊബൈൽ ഫോണെടുത്ത് ആരെയോ തിടുക്കത്തിൽ വിളിച്ചു. പിന്നെ അവളിറങ്ങിയ അരികിലെ സിഗ്നൽ ചുവപ്പിന്റെ ബലത്തിൽ ഒറ്റ ഓട്ടത്തിന് ഒരു പകുതി കടന്ന് ജംഗ്ഷന്റെ നടുക്കുവന്നു നിന്നു. അഹല്യയ്ക്ക് അപ്പുറത്തെത്താൻ രണ്ട് വരിയുള്ള പകുതി റോഡ് കൂടി കടക്കേണ്ടതുണ്ട്.
അനൂപിന് ശബ്ദം നിലച്ചതുപോലെയായി. മരിച്ചതിനുശേഷം അവൻ ആദ്യമായാണ് അവളെ കാണുന്നത്.
അതിനുമുൻപ് എത്രയോ തവണ കണ്ടിരിക്കുന്നു. അപ്പോഴെല്ലാം അവന്റെ ചുണ്ട് ഉണങ്ങുകയും തൊണ്ട ശബ്ദത്തിനായി തിരയുകയും ചെയ്തതാണ്. ദൂരെ എവിടെയോ ഒരു നഗരത്തിൽ മത്സരപ്പരീക്ഷയ്ക്കു പോയി മടങ്ങുകയായിരുന്നു അവൾ എന്നു തോന്നി. അവളുടെ കൈയിൽ ഒരു ബോൾ പോയിന്റ് പേന ബാഗിൽ വയ്ക്കാൻ മറന്നതുപോലെ തന്നെയുണ്ടായിരുന്നു.
ഒരേ സമയം രണ്ട് വിഷമതകളുടെ നടുവിലായിരിക്കണം അവൾ. അനൂപ് ചിന്തിച്ചത് ഇങ്ങനെയാണ്. എഴുതിത്തീർന്ന പരീക്ഷയുടെ കിട്ടാനുള്ള മാർക്കിന്റെ ഉത്കണ്ഠയും ഇരുട്ടിൽ ഇനി വീട്ടിലെത്താനുള്ള അങ്കലാപ്പും.
അവളുടെ ദേഹത്തുള്ള ഇത്തിരിസ്വർണത്തിളക്കവും രാജപ്പന്റെ സാന്നിദ്ധ്യവും അനൂപിനെ ഒന്നുകൂടി സമ്മർദ്ദത്തിലാഴ്ത്തി കളഞ്ഞു. അവളിപ്പോൾ എന്തായിരിക്കും ആലോചിക്കുന്നുണ്ടാകുക. മുമ്പെല്ലാം അവളെ മുഖാമുഖം എതിരിടുമ്പോൾ അത് തന്നെക്കുറിച്ചാകുമോ എന്നവനുത്കണ്ഠപ്പെടാറുണ്ട്. ഒരു പിൻനോട്ടത്തിനായി അവൻ തിരിഞ്ഞു നിന്നിട്ടുണ്ട്.
ഇഷ്ടമാണേ പോയി പറയടേ കൂവേ എന്ന് ഇടക്ക് നിർത്തിയതിൽ അമർഷം പൂണ്ട് ബൈക്ക് മുരണ്ടിട്ടുണ്ട്.
പക്ഷേ, ഇന്നതിനൊന്നും സാദ്ധ്യതയില്ല. ഒരുപക്ഷേ താനൊരാണായിരുന്നെങ്കിൽ എന്നാണെങ്കിലോ. അവന് വല്ലാത്ത കൗതുകം തോന്നി. ഇരുട്ടത്ത് ഒറ്റയ്ക്കാവുന്ന പെണ്ണ് മറ്റെന്ത് ചിന്തിക്കാനാണ്.
അവനോട് മറ്റൊരു പെൺസുഹൃത്ത് കളിയായി പറഞ്ഞിരുന്നു. നമ്മുടെ നാട്ടിൽ പെണ്ണുങ്ങൾക്ക് ആണായിരുന്നെങ്കിലെന്ന് രണ്ട് സമയത്തേ തോന്നൂ. ഒന്ന് പുറത്തുവച്ച് മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും.
അവനവളെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. തലയിൽ ചൂടിയ വാടിയ മുല്ലപ്പൂ പോലെ നീലചുരിദാറിൽ അവളങ്ങനെ വാടി നില്പാണ്.
പെട്ടെന്നാണ് അവനിതുവരെ പറയാത്തൊരു പ്രണയം അവൻപോലുമറിയാതെ പരശുരാമപതി ജംഗ്ഷനിലെ ചുവപ്പുസിഗ്നൽ തടുത്തിട്ട ടോറസ് ലോറികളെയും കടന്ന് ഡീസൽ പിടിച്ച വായുവിലൂടെ അവളുടെ ചുമലിൽ ഒരു രാത്രി മുല്ലയുടെ മണമായി ചെന്ന് തൊട്ടത്.
ഓർക്കാപ്പുറത്തൊരു മുല്ലമണം തന്നെ തേടി വന്നത് അവളുടെ പെൺമനസ് തിരിച്ചറിയുകയും പിന്നിലെ സോമരാജന്റെ പൂക്കടയിലേക്ക് ഒന്ന് കണ്ണെറിയുകയും ചെയ്തു. തമിഴ്നാട്ടുകാരായ കുറ്റിമുല്ലപ്പൂക്കൾക്കപ്പുറമിരുന്ന സോമരാജന്റെ കണ്ണുകൾ തന്നിലേക്കെന്നറിഞ്ഞ് തെല്ലു പകപ്പോടെ അവൾ പൊടുന്നനെ പിൻതിരിഞ്ഞു.
അടുത്ത നിമിഷം അവൾക്കായി സിഗ്നൽ വീഴുകയും അവൾ നടന്നു തുടങ്ങുകയും ചെയ്തു. പക്ഷേ ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടിലാണ് ആ വെള്ളക്കാറ് പാഞ്ഞു വന്നത്. അതവളെ ഇടിച്ചിട്ട് ഒന്നു പകച്ച് പതറി നിരങ്ങിയ ശേഷം രക്ഷപ്പെട്ടുപാഞ്ഞുപോകുകയായിരുന്നു. പരശുരാമപതിയിലെ ജീവനുള്ളവരും അല്ലാത്തതുമായ മുഴുവൻ പേരും ഇതിന് അമ്പരപ്പോടെ സാക്ഷികളായി.
അതാ വേറൊരാൾ...ചന്ദ്രന്റെ വിഹ്വലമായ ശബ്ദം അനൂപ് കേട്ടു. ആ പെൺകുട്ടി എന്ത് പിഴച്ചിട്ടാണ്. പെട്ടെന്ന് ആത്മാക്കളുടെ ചർച്ച സജീവമായി.
സൈക്കിളിൽ ലോറിയിടിച്ച് മരിച്ച നാരായണേട്ടൻ പറഞ്ഞു.
''ആ പെണ്ണിന്റെ കാര്യം പോക്കാ. രാത്രീല് വണ്ടിയിടിച്ചാ പിന്നെ തീർന്നു. അപ്പുറത്തൊരു ടോൾപ്ലാസയും. ടോൾ പിരിവുകാരുമുണ്ട് എന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല. അവിടുത്തെ ആംബുലൻസ് എന്നും കേടാണ്. ഇപ്പ ന്റെ കാര്യം തന്നേടുക്ക്."" നാരായണേട്ടൻ തെല്ല് നിശബ്ദനായി.
ഒന്നരമണിക്കൂറല്ലേ കെടന്ന കെടപ്പ് കെടന്നത്. ആരും കാണാത്തോണ്ട്വന്നല്ല. എത്രയോ വണ്ടിക്കാര് കണ്ടിട്ടുണ്ടാവും. കൊണ്ടോയാ തൊല്ലയാണ്. അതന്നെ.
പെട്ടെന്നുണ്ടായ സംഭവങ്ങളിൽ അമ്പേ പകച്ചുപോയ അനൂപിന് അല്പസമയം ആലോചനയേ ഉണ്ടായിരുന്നില്ല. പിന്നീടവൻ കരുതി അങ്ങനെയാവാൻ വഴിയില്ല. ഇത്രയും മനുഷ്യജീവികൾ ഇവിടെയില്ലേ. അവരൊരു പെൺകുട്ടി മരിച്ചുകാണാൻ ആഗ്രഹിക്കുമോ അങ്ങനെ നോക്കി നിൽക്കാൻ അവർക്കാകുമോ.
ഇപ്പോൾ പെൺകുട്ടിക്ക് ചുറ്റും നേരിയൊരാൾക്കൂട്ടമുണ്ട്.
ഭാഗ്യം ആരോ അവളെ എടുത്തുയർത്തുന്നുണ്ട്. അവൾ വാടിയ താമരത്തണ്ടുപോലെ കിടക്കുന്നു. അവൾക്കെന്താണ് പറ്റിയിരിക്കുക. അനൂപന് ഉത്കണ്ഠ ഏറിവന്നു. പരശുരാമ പതിയിലെ ഫ്ലക്സ് ബോർഡിലേക്ക് അവളും വന്നു ചേരുമോ.
അവിടെ കൂടിയവർ അവളെ താങ്ങിപ്പിടിച്ച് ഒരു വണ്ടിയിൽ കയറ്റി. രാത്രി വണ്ടിക്കാരിലൊരാൾ വണ്ടിയെടുത്തിരിക്കുന്നു. പക്ഷേ അവർക്കിടയിൽ ഒരു തർക്കമുള്ളതുപോലെ തോന്നി. ആരാണ് കൂടെ പോരുക.
രാത്രിവണ്ടിക്കാരൻ അക്ഷമയോടെ ചുറ്റും കൂടിയവരെ നോക്കി. ''ആരെങ്കിലും വരണം ഞാനൊറ്റയ്ക്ക് കൊണ്ടോവില്ല.""
അയാൾ കട്ടായം പറഞ്ഞു. തർക്കം നീളുന്നതിനിടെയാണ് അനൂപിനെയും മറ്റാത്മാക്കളെയും ഞെട്ടിച്ചുകൊണ്ട് കള്ളൻ രാജപ്പൻ തന്റെ ഓട്ടോറിക്ഷയുമായി വന്നത്.
''ഒരാളെങ്കിലും തയ്യാറായല്ലോ. എനിക്ക് വയ്യാഞ്ഞിട്ടാണ്. വാതത്തിന്റെ അസുഖോണ്ട്. പ്രായായില്ലേ...ആശുപത്രീലൊക്കെ പോയി തൂങ്ങിപ്പിടിച്ച് നിൽക്കാൻ വയ്യ.""
ലോട്ടറിക്കച്ചവടക്കാരൻ ആരോടെന്നില്ലാതെ പറഞ്ഞു. രാജപ്പൻ അഹല്യയുമായി ഒറ്റക്ക് ആശുപത്രിയിലേക്ക് പായുന്നത് കണ്ടു. ആത്മാക്കളിലാരോ പറഞ്ഞു.
''ചെറിയ പെൺകുട്ട്യാ. രക്ഷപ്പെട്ടാ മത്യാർന്നു.""
''അതെങ്ങന്യാ കൊണ്ടോയ ആളെ കണ്ടില്ലേ. കള്ളൻ രാജപ്പൻ. അവന്റെ സ്വഭാവം അറിയാണ്ടാ. അതിന്റെ മേത്തുള്ള ഒരുതരി സ്വർണം ബാക്കീണ്ടാവോ. സ്വർണം മാത്രോ..."" അത് ശരിയാണെന്നവർ ഒന്നടങ്കം യോജിച്ചു. ഈ രാത്രിയിൽ ആ വകതിരിവില്ലാത്തവന്റെ കൂടെ കയറ്റിവിട്ടത് ശരിയായില്ല.
''അതവിടെ കൂടിയവന്മാർക്ക് തോന്നണ്ടേ. അവരുടെ വേണ്ടപ്പെട്ട കുട്ട്യാർന്നെങ്കീ ഇങ്ങനെ ചെയ്യോ.""
ആത്മാക്കളുടെ ചർച്ച നടന്നുകൊണ്ടിരുന്നു. അനൂപിനും ആശങ്ക തോന്നി. ഒരു പെൺകുട്ടി ബോധമില്ലാതെ ഒറ്റയ്ക്ക്. അതും എണ്ണം പറഞ്ഞ ഒരു കള്ളന്റെ കൂടെ. എന്തൊക്കെയാണ് സംഭവിക്കുക. അവളെ അയാൾ ഉപദ്രവിക്കുമോ. എന്തായാലും തങ്ങൾക്കെന്തു ചെയ്യാൻ പറ്റും.
ആശങ്ക മുറ്റി നിന്ന അന്തരീക്ഷത്തിൽ ഒരു കുഴൽക്കിണർ കുഴിക്കുന്ന വണ്ടി താഴെ ഹുങ്കാരത്തോടെ പാഞ്ഞുപോകുന്നതവർ കണ്ടു. അതിന് മുകളിലിരുന്ന് തുറന്ന ആകാശം നോക്കി മൂന്നാല് പണിക്കാര് പിള്ളേര് പാട്ടുമൂളുന്നു.
''ഗതി കെട്ടോർക്കുള്ളതാണി പാട്ടും കവിതേമെല്ലാം.""
ചന്ദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു. പരശുരാമ പതി ജംഗ്ഷനിൽ വാഹനങ്ങളുടെ എണ്ണം കുറയാൻ തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങൾകെട്ട് വെളിച്ചം ജംഗ്ഷനിലെ കുരിശു പോലുള്ള ടാർ റോഡിലേക്കൊതുങ്ങി. ആത്മാക്കൾ പിരിയാൻ തുടങ്ങി. അവൾക്കെന്തുപറ്റി എന്ന ആശങ്ക അനൂപിൽ തങ്ങിനിന്നു. ആക്സിഡന്റിനെക്കാളും അവനിപ്പോൾ പേടിച്ചത് കള്ളൻ രാജപ്പനെയാണ്.
ഇതേ സമയം തിരിച്ചു പരശുരാമപതിയിലേക്കുള്ള യാത്രയിലായിരുന്നു രാജപ്പന്റെ ആത്മാവ്. പെൺകുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുംവഴി പൂക്കച്ചവടക്കാരനും ലോട്ടറിക്കാരനും ചേർന്ന് വണ്ടി തടഞ്ഞതും തന്റെ തലക്കടിച്ചതും അവളെ അവരുടെ വണ്ടിയിൽ കയറ്റിക്കൊണ്ട് പോയതുമെല്ലാം ഒരു സ്വപ്നം പോലെ അവനെ പിന്തുടർന്നു. പരശുരാമപതിയോട് ബന്ധപ്പെട്ടിട്ടാണെങ്കിലും രാജപ്പന്റെ ചിത്രം അവിടുത്തെ ഫ്ലക്സിൽ വരും കാലത്ത് ആരും വയ്ക്കാനിടയില്ല. കാരണം രാജപ്പൻ മരിച്ചത് ആക്സിഡന്റിലല്ലല്ലോ.