killed

വടക്കഞ്ചേരി: കണ്ണമ്പ്ര പരുവാശേരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് മത്തായി ബേസിലിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതിൽ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു.