മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ചു. വേറിട്ട ശബ്ദവും ആലാപന ശെെലിയുംകൊണ്ട് സിനിമാ സംഗീത രംഗത്ത് ഇപ്പോഴും സജീവം. 1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു എം.ജിയുടെ വിവാഹവാർഷികം. ‘ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ’ എന്ന കുറിപ്പോടെ ഭാര്യ ലേഖയ്ക്കൊപ്പമുള്ള ചിത്രം ഗായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
ഇരുവർക്കും ആശംസകളുമായി നിരവധിപേർ കമന്റുകളുമായെത്തി. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് വഭിച്ചത്. രസകരമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാൽ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്നാണ് ഒരാളുടെ കമന്റ്. മുപ്പത്തിനാല് വര്‍ഷമായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും പലരും കുറിച്ചു.
"പ്രിയ ശ്രീക്കുട്ടൻജി, വിവാഹം കഴിഞ്ഞ് 34 വർഷങ്ങൾ ആയിയെന്ന് ഇപ്പോൾ അറിഞ്ഞതിൽ അതീവ സന്തോഷം! വിവാഹ വാർഷിക ആശംസകൾ ! സർവ്വേശ്വരന്റെ അനുഗ്രഹങ്ങൾ വാരി ചൊരിയട്ടെയെന്ന പ്രാർത്ഥനയോട് ഒരു സഹൃത്തും ആരാധകനും"-എന്നായിരുന്നു മറ്റൊരു കമന്റ്.. "പടച്ചോനേ ഇങ്ങളെ കണ്ടാല് 34 വയസ്സേ തോന്നുന്നുള്ളൂ.... ങ്ങളെ രണ്ടാളെയും പടച്ചോൻ കാക്കട്ടെ....ആശംസകൾ"...എന്നും കമന്റുകളെത്തിയിരുന്നു.
1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തി. വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ലിവിംഗ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000–ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.