ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള മേഖല എതാണ്? ഒരുവിധപ്പെട്ട എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്ഥിരമായുള്ള ചോദ്യമാണിത്. ദ്രുതഗതിയിൽ മാറികൊണ്ടിരിക്കുന്ന ഈ ലോകത്ത്, തൊഴിൽ സാധ്യതകളും അവയുടെ ലഭ്യതയും മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാൽ 2020ൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വരുന്ന മേഖല ഏതെന്ന് ചോദിച്ചാൽ, വ്യക്തമായ ഉത്തരം 'നഴ്‌സിംഗ്' ആണെന്ന് പറയുകയാണ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ടി.പി സേതുമാധവൻ. യു.എൽ.സി.സി.എസ് വിദ്യാഭ്യാവിഭാഗം മേധാവി, ലോകബാങ്ക് കൾസട്ടന്റ്, ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗം എന്നീ നിലകളിൽ പ്രസിദ്ധനാണ് ടി.പി സേതുമാധവൻ.

job

ടി.പി സേതുമാധവന്റെ വാക്കുകൾ-

' 2020ൽ നഴ്‌സസിന്റെ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വരാൻ പോകുന്നത്. 2030 ആകുമ്പോഴേക്കും 706 ദശലക്ഷം തൊഴിലവസരങ്ങളാണ് ലോകത്ത് നഴ്‌സുമാരുടെ കാര്യത്തിൽ വന്നുകൊണ്ടിരിക്കുന്നത്. നഴ്‌സുമാരുടെ റിക്വയർമെന്റ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് മലയാളി നഴ്‌സുമാരുടെ കാര്യത്തിൽ. വിദേശത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് അവരാണ്. കാരണം ഏറ്റവും കൂടുതൽ വൈദഗ്‌ദ്ധ്യം മലയാളി നഴ്‌സുമാർക്കാണ്. ഇത് വിദേശരാജ്യങ്ങൾ തന്നെ സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നഴ്‌സുമാരുടെ ലഭ്യത കൂടുതൽ ഉറപ്പു വരുത്തുന്നതിനായി അടുത്ത കാലത്തായി ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇതുവരെയും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിച്ചവർക്ക് മാത്രമേ ബി.എസ് സി നഴ്‌സിംഗിന് ചേരാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇനിമുതൽ പ്ളസ്‌ടു ഏതു സ്‌ട്രീമിൽ പഠിച്ചവർക്കും നഴ്‌സിംഗിന് ചേരാമെന്നാണ് തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്. അത് നടപ്പിൽ വരുന്നതോടു കൂടി നഴ്‌സുമാർക്കുള്ള ഡിമാൻഡ് വലിയ തരത്തിൽ വർദ്ധിക്കും'.