ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനം ഉയർത്തിയതിനു പിന്നാലെ മലേഷ്യക്ക് കൂടുതൽ നിയന്ത്രണവുമായി ഇന്ത്യ. പാമോയിൽ ഇറക്കുമതി രംഗത്തുള്ള നിയന്ത്രണങ്ങൾക്കു പുറമെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ പാമോയിൽ ഇറക്കുമതി ചെയ്യുന്നതിലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി. അതേസമയം, രാജ്യത്തിനു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായാലും തെറ്റായ കാര്യങ്ങൾക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ മഹാതിർ വിമർശിച്ചതിനെ തുടർന്ന് മലേഷ്യയുമായുള്ള എല്ലാ വാങ്ങലുകളും നിറുത്തിവയ്ക്കാൻ ഇന്ത്യൻ വ്യാപാരികൾക്കു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
പാമോയില്‍ ഇറക്കമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. ഖനിമേഖലയിലും നിയന്ത്രണത്തിന് സാദ്ധ്യതയുണ്ട്. കാശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
‘ഇന്ത്യയിലേക്കു കൂടുതൽ പാമോയിൽ കയറ്റുമതി ചെയ്യുന്നതിനാൽ ഇതിൽ ഞങ്ങൾ ആശങ്കാകുലരാണ്. എന്നാൽ, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് തുറന്നുപറയുകയും വേണം. കാര്യങ്ങളെ തെറ്റായി അനുവദിക്കുകയും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്താൽ ഞങ്ങളും മറ്റുള്ളവരും ഒരുപാട് തെറ്റായ കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു’– അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിയന്ത്രണത്തോടെ മലേഷ്യൻ പാമോയിൽ വ്യവസായത്തിന് കനത്ത നഷ്ടമുണ്ടായെന്നും ഇതിന് തന്റെ സർക്കാർ പരിഹാരംകാണുമെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, മ്യാൻമർ, വിയറ്റ്നാം, എത്യോപ്യ, സൗദി അറേബ്യ, ഈജിപ്ത്, അൽജീരിയ, ജോർദാൻ എന്നിവിടങ്ങളിലേക്ക് കൂടുതൽ വിൽക്കാൻ ശ്രമിക്കുന്നതായി മലേഷ്യൻ അധികൃതർ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് മലേഷ്യ. ഇന്ത്യ ഏറ്റവുംകൂടുതൽ പാമോയിൽ ഇറക്കുമതിചെയ്യുന്ന രാജ്യവും.