watching-adult-content-

ന്യൂഡൽഹി : സാമൂഹ മാദ്ധ്യമങ്ങളിലടക്കം അശ്ളീല ചിത്രങ്ങളും വീഡിയോകളും പെരുകുന്നതിന് തടയിടാൻ കേന്ദ്രം നീക്കമാരംഭിച്ചു. ഇതിന്റെ ആദ്യ പടിയായി സമൂഹമാദ്ധ്യമങ്ങളെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കോൺഗ്രസ് രാജ്യസഭ എം.പിയായ ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി ഈ വിഷയത്തിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ അശ്ളീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തിയ സമിതി ഇത് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതായും കണ്ടെത്തി. ഇതേ തുടർന്ന് ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക്, ഷെയർ ചാറ്റ് തുടങ്ങിയ രാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീമൻമാരുടെ പ്രതിനിധികളെ പാർലമെന്ററി കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു.

അഡൽറ്റ് കണ്ടന്റ് അടങ്ങിയ വീഡിയോകൾ കാണുന്നതിനായി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിലൂടെ ലോഗിൻ ചെയ്യുന്നവർക്കുമാത്രമേ ഇത്തരം വീഡിയോകൾ കാണുവാൻ സാധിക്കുകയുള്ളു എന്നുമാണ് ഗൂഗിളിന്റെ പ്രതിനിധി വിശദീകരിച്ചത്. അശ്ളീല വീഡിയോകൾ കുട്ടികൾ കാണാതിരിക്കുവാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു. അതേ സമയം തങ്ങളുടെ പ്ലാറ്റ് ഫോമുകളിൽ അശ്ളീല വീഡിയോകൾ പ്രചരിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന വാദമാണ് ഫേസ്ബുക്ക് പ്രതിനിധികൾ ഉയർത്തിയത്. നിലവിൽ പ്രതിഷേധത്തിന്റെ ഭാഗമായും മുലയൂട്ടൽ പോലുള്ള കാമ്പയിന്റെ ഭാഗമായുമുള്ള വീഡിയോകൾ മാത്രമാണ് വ്യക്തികൾക്ക് പോസ്റ്റ് ചെയ്യാൻ അനുമതി നൽകുന്നത്.

കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ രാജ്യവ്യാപകമായി അടുത്തിടെ സ്വീകരിച്ചിരുന്നു. ചൈൽഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അറസ്റ്റിലായത്.


അശ്ളീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് സംവിധാനങ്ങൾ നിലവിൽ കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെയാണ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ത്യയിൽ അശ്ളീല വീഡിയോകൾ കാണുന്നത് നിലവിൽ നിയമവിരുദ്ധമല്ല. എന്നാൽ അപകടകരമായ നിലയിലേക്ക് അശ്ളീല സംഭവങ്ങളുടെ വ്യാപനം തടയുന്നതിനായി കേന്ദ്രം നിയമനിർമ്മാണം നടത്തുവാൻ സാദ്ധ്യതയുണ്ട്.