dileep-ghosh

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപെട്ടവ‌രെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. വിവാദ പരാമർശം നടത്തിയ ദിലീപ് ഘോഷിനെതിരെയാണ് ബംഗാൾ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അസം, കണാടക, യു.പി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സർക്കാർ പട്ടികളെപ്പോലെ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബംഗാൾ ഭക്ഷ്യ വിതരണ മന്ത്രി ജ്യോതിപ്രിയോ മുള്ളിക്, തൃണമൂൽ കോൺഗ്രസ് നേതാവ് റാണാഘട്ട് എന്നിവരാണ് ദിലീപ് ഘോഷിനെതിരെ നാദിയ, നോർത്ത് 24 പർഗാനാസ് എന്നീ സ്റ്റേഷനുകളിൽ പരാതി നൽകിയത്.

മതവിദ്വേഷം പ്രചരിപ്പിക്കാൻ ദിലീപ് ഘോഷ് ശ്രമിച്ചെന്നും, ക്രിമിനൽ കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. ദിലീപ് ഘോഷിന്റെ ഭീക്ഷണിയെത്തുടർന്ന് ബംഗാളിലെ സാധാരണക്കാർ ഭയത്തോടെയാണ് ജീവിക്കുന്നത്. ദിലീപ് ഘോഷ് തങ്ങളെ വെടിവയ്ക്കുകയോ, കൊല്ലുകയോ ചെയ്യുമെന്ന് ചിലർ ഭയപ്പെടുന്നു. അതിനാലാണ് ദിലീപ് ഘോഷിനെതിരെ പരാതി നൽകിയതെന്ന് ജ്യോതിപ്രിയോ മുള്ളിക് പറഞ്ഞു.

നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിരുന്നുവെന്ന് വ്യക്തമാക്കിയത്. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഇനിയും ഇതു തന്നെ ചെയ്യുമെന്നും ഘോഷ് പറഞ്ഞിരുന്നു. വിവാദ പ്രസ്താവനക്കെതിരെ സ്വന്തം പാർട്ടി പ്രവർത്തകരിൽ നിന്നും,​ രാഷ്ട്രീയ എതിരാളികളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

പരാതി ലഭിച്ചെന്നും,​ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും നാദിയ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തനിക്കെതിരെ ഒരുമാസം നിരവധി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതും അത്തരത്തിലൊന്നായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്നും ദിലിപ് ഘോഷ് പ്രതികരിച്ചു.