income-tax

കൊച്ചി: സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാനും ഉപഭോക്തൃ വിപണിക്ക് കരുത്തേകാനും ലക്ഷ്യമിട്ട് ഇക്കുറി കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതി നിരക്കുകളിൽ സമഗ്ര മാറ്റത്തിന് ധനമന്ത്രി തയ്യാറായേക്കും. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ ജി.ഡി.പി വളർച്ച ജൂലായ് - സെപ്‌തംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.5 ശതമാനത്തിലേക്ക് തകർന്നിരുന്നു. ഉപഭോക്തൃ വിപണി എക്കാലത്തെയും മോശം അവസ്ഥയിലാണ്. വ്യവസായ വളർച്ചയിലും കയറ്റുമതിയിലും മുരടിപ്പുണ്ട്. കമ്പനികൾക്ക് നേട്ടം പകരാനായി കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്കും പുതിയ കമ്പനികൾക്ക് 15 ശതമാനത്തിലേക്കും ധനമന്ത്രാലയം കുറച്ചിരുന്നു.

എന്നാൽ, ഉപഭോക്തൃ വിപണിക്ക് ഉണർവേകാൻ വേണ്ടത് വ്യക്തിഗത ആദായ നികുതി ഇളവാണെന്ന വാദമുണ്ട്. കമ്പനികൾക്ക് മാത്രം നികുതിയിളവ് നൽകിയതിലുള്ള ജനരോഷം മറികടക്കാനും ഇക്കുറി ബഡ്‌ജറ്റിൽ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും. ആദായ നികുതി ഇളവ് കുറയുന്നത്, വിപണിയിലേക്ക് കൂടുതൽ പണമൊഴുകാൻ സഹായകമാകും.

നിലവിൽ ഇങ്ങനെ

 രണ്ടര ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാദ്ധ്യതയില്ല

 രണ്ടരലക്ഷം രൂപയ്ക്ക് മേൽ മുതൽ അഞ്ചുലക്ഷം രൂപവരെ : നികുതി 5%

(എന്നാൽ, ഇവരെ 100% റിബേറ്റിലൂടെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്)

 ₹5-₹10 ലക്ഷം : 20%

 ₹10 ലക്ഷത്തിനുമേൽ : 30%

 ₹50 ലക്ഷത്തിനുമേൽ : നികുതിയും സർചാർജും സെസും ഉൾപ്പെടെ 42.74%

₹50 ലക്ഷം

ഒരു വ്യക്തിക്ക് വാർഷിക വരുമാനം 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ അടയ്‌ക്കേണ്ട ആദായ നികുതി 42.74 ശതമാനമാണ്. കോർപ്പറേറ്റ് കമ്പനികൾ പോലും സെസ് ഉൾപ്പെ 25 ശതമാനമാണ് അടയ്ക്കുന്നത്.

സ്ളാബ് മാറുമോ?

ആദായ നികുതി സ്ളാബിൽ മാറ്റം വരുത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പ്രതീക്ഷ ഇങ്ങനെ:

 5 % സ്ളാബിലുള്ളവർ റിബേറ്റ് മുഖേന നികുതിയിൽ നിന്ന് ഒഴിവാകും.

 5 മുതൽ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ൽ നിന്ന് 10 ശതമാനമാകും.

 10 മുതൽ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി

 20 ലക്ഷം മുതൽ രണ്ടുകോടി വരെ 30 ശതമാനം നികുതി

 രണ്ടു കോടിക്കു മേൽ 35 ശതമാനം നികുതി

മറ്റൊരു സാദ്ധ്യത

നിലവിൽ 5%, 20%, 30% എന്നിങ്ങനെയാണ് വ്യക്തിഗത ആദായ നികുതി സ്ളാബ്. ഇവയ്ക്കൊപ്പം 15-18% സ്ളാബും കൂടി പരിഗണിക്കുന്നു. അതായത്, ഇടത്തരം വരുമാനമുള്ളവർ 20 ശതമാനത്തിന് താഴെ നികുതി നൽകുന്ന അവസ്ഥ വരും.

ഇളവ് പ്രതീക്ഷിച്ച്

സെക്‌ഷൻ 80സി

ഇൻഷ്വറൻസ് സ്‌കീം ഉൾപ്പെടെയുള്ള പദ്ധതികളിൽ നിക്ഷേപിച്ച്, നിലവിൽ ആദായ നികുതി വകുപ്പിലെ സെക്‌ഷൻ 80 സി പ്രകാരം ഒന്നരലക്ഷം രൂപ വരെ നികുതി ഇളവ് നേടാൻ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കഴിയും. ഇത്, രണ്ടുലക്ഷമോ രണ്ടരലക്ഷമോ രൂപയായി ഉയർത്തുന്നത് ഇക്കുറി പരിഗണിച്ചേക്കും.

17.2%

ഇന്ത്യൻ കുടുംബങ്ങളുടെ പണം സേവിംഗ്സ് 2011-12ൽ ജി.ഡി.പിയുടെ 23.6 ശതമാനമായിരുന്നത്. 2017-18ൽ 17.2 ശതമാനമായി കുറഞ്ഞു. ഇത്, ഉപഭോക്തൃ വിപണിയെയും ബാധിച്ചു. ആദായ നികുതിയിൽ ഇളവുണ്ടായാൽ സേവിംഗ്‌സ് നിരക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.