broadband

ശ്രീനഗർ: ജമ്മുകാശ്മീരിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെ വൈകിട്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാൽ സമൂഹമാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. ജമ്മു കാശ്മീർ ഭരണകൂടം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കാശ്മീർ താഴ്വരയിലെ ഇന്റർനെറ്റും ജമ്മുവിലെ അഞ്ച് ജില്ലകളിലെ ടു ജി സംവിധാനവുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനു ശേഷം വടക്കൻ കാശ്മീരിലും പിന്നീട് ദക്ഷിണ കാശ്മീരിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രികൾ, ബാങ്കുകൾ, സർക്കാർ ഒാഫീസുകൾ എന്നിവിടങ്ങളിലും ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനായി ഹോട്ടലുകളിലും യാത്രാ സ്ഥാപനങ്ങളിലും ബ്രോഡ്‌ബാൻഡ് കണക്ഷൻ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. സർക്കാർ വെബ്‌സൈറ്റുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ, ഇ ബാങ്കിംഗ് എന്നീ സേവനങ്ങളും ലഭ്യമാകും. താഴ്‌വരയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നീക്കം.അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്‌തു

ഈ മാസം തുടക്കം മുതൽ എസ്.എം.എസ് സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. കോടതിയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.