മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്ളാറ്റുകൾ പൊളിച്ചടുക്കിയപ്പോൾ മാദ്ധ്യമങ്ങളടക്കം ശ്രദ്ധാകേന്ദ്രമാക്കിയത് കൊച്ചിയിലായിരുന്നു. എന്നാൽ ഈ സമയം മദ്ധ്യകേരളത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മാതാപിതാക്കളും പതിനേഴ് വയസുള്ള മകളും തൂങ്ങിമരിച്ച സംഭവവും വാർത്തയായിരുന്നു. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞുള്ള അപമാനഭാരത്താലാണ് കുടുംബം മരണത്തിൽ അഭയം തേടിയത്. എന്നാൽ ഈ സംഭവത്തിലേക്ക് ആ കുടുംബത്തെ നയിച്ച മാനസിക സംഘർഷത്തെകുറിച്ച് വിലയിരുത്തുകയാണ് മനശാസ്ത്രജ്ഞനായ പ്രശസ്ത ഡോക്ടർ സി.ജെ.ജോൺ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാതാ പിതാക്കളെയും പതിനേഴ് വയസ്സുള്ള മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു .മകളെ ലൈംഗീകമായി ചൂഷണം ചെയ്ത വ്യക്തിയെ പോലീസ് അറസ്ര് ചെയ്തു. ഫ്ളാറ്റ് പൊളിക്കൽ പൂര നാളിൽ മധ്യ കേരളത്തിൽ സംഭവിച്ച
ദാരുണ സംഭവമാണിത് . പെൺകുട്ടിയെ ശാരീരിക അസ്വാസ്ഥ്യങ്ങളുമായി മാതാ പിതാക്കൾ ആശുപത്രിയിൽ കൊണ്ട് പോകുന്നു. ആ ലക്ഷണങ്ങൾ ഗർഭ ധാരണം മൂലമാണെന്ന് ഡോക്ടർ പറയുമ്പോൾ അവർക്കുണ്ടാകുന്ന തകർച്ച ആർക്കെങ്കിലും ഊഹിക്കാനാകുമോ?പോക്‌സോ നിയമങ്ങളുടെ പരിധിയിൽ വരുന്നത് കൊണ്ട് ഡോക്ടർക്ക് പോലീസിനെ അറിയിക്കാതെ നിർവാഹമില്ല .അതിനായി മാതാ പിതാക്കളുടെ മനസ്സ് ഒരുങ്ങിയിട്ടുണ്ടായിരുന്നോ?ചുറ്റു പാടുമുള്ളവർ അറിയുമെന്ന ഭീതി അവരെ പിടി കൂടില്ലേ?മകൾ ഗർഭിണിയാണെന്ന നാണക്കേട് തന്നെ അവരെ ആത്മഹത്യാ ചിന്തയിലേക്ക് നയിച്ചിട്ടുണ്ടാകും.അവരെ മരിച്ച നിലയിൽ കണ്ട മകൾ അതിനിടയാക്കിയത് ഞാനെന്ന വിചാരത്തിൽ ആത്മ ഹത്യ ചെയ്തിട്ടുണ്ടാകും. ആകസ്മികമായി ആശുപത്രിയിൽ വച്ചോ മറ്റ് സാഹചര്യങ്ങളിലോ കുട്ടി നേരിട്ട ലൈംഗീക ചൂഷണം അറിയുന്ന എല്ലാ മാതാ പിതാക്കൾക്കും അമ്പരപ്പും കുറ്റബോധവും,മാനക്കേടും , സങ്കടവുമൊക്കെ ഉണ്ടാകും .ഇത്തരം പ്രതിസന്ധികളിൽ സമൂഹിക ഒറ്റപ്പെടലുകൾ ഭീകരമാണ്. അത് കൊണ്ട് അവരുടെ മനസ്സ് ഒരുക്കി വേണം ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ.വരുന്ന പോലീസ് യൂണിഫോം മാറ്റി സാധാരണ വേഷത്തിൽ വന്നത് കൊണ്ട് മാത്രം കാര്യമില്ല .അവരുടെ ഇടപെടലിൽ ഒരു രക്ഷ കർത്താവിന്റെ ഭാവം വരണം.സ്വകാര്യത ഉറപ്പാക്കുമെന്ന വിശ്വാസം നൽകണം.നമുക്ക് ഒരുമിച്ചു ഈ കുട്ടിയുടെ ആത്മ വിശ്വാസവും സ്വയം മതിപ്പും വീണ്ടെടുക്കാമെന്ന ബോധ്യം നൽകണം .മറ്റൊരു കുട്ടിക്കും ഈ ദുരനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താനായി കുറ്റവാളിയെ പൂട്ടണമെന്ന വിചാരം നൽകണം.കുട്ടി ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും സംഭവിച്ച ഉദാസീനത ഈ കൂട്ട ആത്മഹത്യയിൽ നിഴലിക്കുന്നുണ്ടോയെന്ന് സംശയം തോന്നുന്നു .പോക്‌സോ അന്വേഷണം മികച്ച രീതിയിലാക്കുവാനായി സർക്കാർ സെക്രട്ടറി ആശാന്മാരുടെ ഒരു കമ്മറ്റി ഉണ്ടായതായി കേട്ടൂ. അവർ പണി തുടങ്ങിയോ ആവോ?
(സി .ജെ .ജോൺ)