ആമസോൺ ഇന്ത്യയിൽ 100 കോടി ഡോളർ നിക്ഷേപിക്കും
1,000 കോടി ഡോളറിന്റെ 'മേക്ക് ഇൻ ഇന്ത്യ" ഉത്‌പന്ന കയറ്റുമതി
ന്യൂഡൽഹി: ' ഞാനിതാ പ്രവചിക്കുന്നു, ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്..." പറഞ്ഞത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ആമസോണിന്റെ സ്ഥാപക സി.ഇ.ഒയുമായ ജെഫ് ബെസോസ്.
നൂറ്രാണ്ടിലെ ഏറ്റവും സുപ്രധാന സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കും. കൂടുതൽ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഓൺലൈനിലേക്ക് കൊണ്ടുവരാൻ ഇന്ത്യയിൽ ആമസോൺ 100 കോടി ഡോളർ (ഏകദേശം 7,080 കോടി രൂപ) ഉടൻ നിക്ഷേപിക്കും. 2025ഓടെ ഇന്ത്യയിൽ നിന്ന് 1,000 കോടി ഡോളറിന്റെ 'മേക്ക് ഇൻ ഇന്ത്യ" ഉത്‌പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കും. ജൂണോടെ, ഇന്ത്യയിലെ ഡെലിവറി പൂർണമായും പ്ളാസ്‌റ്റിക് മുക്തമാക്കും - ബെസോസ് പറഞ്ഞു. ന്യൂഡൽഹിയിൽ ആമസോൺ ഇന്ത്യ സംഘടിപ്പിച്ച ചെറുകിട-ഇടത്തരം സംരംഭക സംഗമമായ 'സംഭവി"ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലാണ് ഇതിനുമുമ്പ് ബെസോസ് ഇന്ത്യയിലെത്തിയത്. അന്ന്, 250 കോടി ഡോളറിന്റെ നിക്ഷേപം വാഗ്‌ദാനം ചെയ്‌തിരുന്നു. പിന്നീട്, 350 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്തി. പുതിയ വാഗ്‌ദാനം കൂടിച്ചേരുമ്പോൾ ആമസോണിന് ഇന്ത്യയിൽ മൊത്തം 650 കോടി ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) നിക്ഷേപമാകും. അമേരിക്ക കഴിഞ്ഞാൽ, ആമസോണിന്റെ ഏറ്രവും വലിയ വിപണിയാണ് ഇന്ത്യ.
രാജ്ഘട്ടിൽ മഹാത്മഗാന്ധിക്ക് പ്രണാമമർപ്പിച്ച ശേഷമാണ് ബെസോസ് 'സംഭവ്" സംഗമത്തിനെത്തിയത്. ഇന്നും നാളെയുമായി കേന്ദ്രസർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തും.
വരവേറ്ര് പ്രതിഷേധവും
അന്വേഷണവും
ആമസോണിനെതിരെ ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധവും കോമ്പറ്രീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ (സി.സി.ഐ) അന്വേഷണവും നടക്കുന്ന പശ്‌ചാത്തലത്തിലാണ് ബെസോസിന്റെ സന്ദർശനം. പുതിയ മൊബൈൽ ഫോണുകൾക്ക് അത്യാകർഷക ഡിസ്‌കൗണ്ടുകൾ വാഗ്‌ദാനം ചെയ്‌തതാണ് സി.സി.ഐ അന്വേഷിക്കുന്നത്. ഫ്ളിപ്‌കാർട്ടും അന്വേഷണം നേരിടുന്നുണ്ട്.
വാരിക്കോരിയുള്ള ഡിസ്കൗണ്ടുകളിലൂടെ ആമസോൺ ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ തങ്ങളുടെ കച്ചവടം ഇല്ലാതാക്കുന്നെന്ന് ആരോപിച്ചാണ് അഞ്ചുലക്ഷത്തോളം ചെറുകിട വ്യാപാരികൾ കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ നേതൃത്വത്തിൽ 300ഓളം നഗരങ്ങളിലായി പ്രതിഷേധിക്കുന്നത്.
അതിവേഗം, ഇന്ത്യ
ലോകത്തെ ഏറ്റവും വേഗം വളരുന്ന ഇ-കൊമേഴ്‌സ് വിപണിയാണ് ഇന്ത്യ. ഇന്ത്യൻ ഇ-വിപണിയുടെ മൂല്യം 2022ഓടെ 15,000 കോടി ഡോളറിലേക്കും, 2026ൽ 20,000 കോടി ഡോളറിലേക്കും ഉയരുമെന്നാണ് വിലയിരുത്തലുകൾ.