ഭോപ്പാൽ: രാജസ്ഥാനിലെ കൂട്ട ശിശുമരണത്തിന് പിന്നാലെ മദ്ധ്യപ്രദേശിൽ 12 മണിക്കൂറിനുള്ളിൽ മരിച്ചത് ആറ് പിഞ്ചു കുഞ്ഞുങ്ങൾ. ശാഹ്‌ഡോളിലെ സർക്കാർ ആശുപത്രിയിൽ 14, 15 തീയതികളിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച കുട്ടികൾ. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി തുളസി സിലാവത്ത് ഇന്നലെ ഉത്തരവിട്ടു. ജില്ലാ കളക്ടറും അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഗ്രാമവികസന മന്ത്രി കമലേശ്വർ പട്ടേൽ ആശുപത്രി സന്ദർശിച്ചിരുന്നു.
ജനനശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് മരിച്ച കുട്ടികളിൽ രണ്ടുപേരെ ഡിസംബർ 30 ജനുവരി ഏഴ് എന്നീ ദിവസങ്ങളിലായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് മറ്റു നാലുകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരിൽ മൂന്നുപേരെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നാലാമത്തെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ഡോക്ടമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഡോ. രാജേഷ് പാണ്ഡെ, ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഒാഫീസർ.