tata-1

ഇന്ത്യയിൽ കരുത്താർജിച്ച വാഹന സെഗ്‌മെന്റുകളിലൊന്നാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലുകൾ. യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വാഹനസെഗ്‌മെന്റായതു കൊണ്ടു തന്നെ എല്ലാ കമ്പനികളും പ്രീമിയം ഹാച്ച്ബാക്കിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്. ഇന്ത്യയിൽ ഹാച്ച്ബാക്ക് മോഡലുകൾ നിരവധിയുണ്ടെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് എന്ന പേര് നിലവിൽ വന്നത് ഹ്യുണ്ടായ് ഐ 20യുടെ വരവോടെയാണ്. ഇപ്പോഴിതാ ആൾട്രോസ് എന്ന പുതിയ മോഡലിലൂടെ ടാറ്റയും പ്രീമിയം ഹാച്ച്ബാക്കിലേക്ക് കടന്നിരിക്കുകയാണ്.

ജനുവരി 22ന് പുറത്തിറങ്ങുന്ന തങ്ങളുടെ പുതിയ മോഡൽ വലിയൊരു നേട്ടം കൈവരിച്ചാണ് വിപണിയിലേക്ക് എത്തുന്നത്. ഗ്ലോബൽ എൻ‌.സി‌.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിരിക്കുകയാണ് ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ആൽ‌ട്രോസ്. ടാറ്റയുടെ തന്നെ നെക്‌സണിനു ശേഷം 5 സ്റ്റാർ റേറ്റിംഗ് നേടുന്ന ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ്. ആൽ‌ട്രോസ്.

tata-3

ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ശൈലിയും ആൾട്രോസ് ഉൾക്കൊള്ളുന്നു. ഹാരിയറിനു ശേഷം സമാനമായ ഡിസൈൻ ശൈലി സ്വീകരിക്കുന്ന രണ്ടാമത്തെ മോഡലാണിത്.

എൽ.ഇ.ഡി ടൈൽ‌ലൈറ്റുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ആൾട്രോസിന്റെ സവിശേഷതകളാണ്.

എൻജിൻ കരുത്തിന്റെ കാര്യത്തിൽ ടാറ്റാ ആൽ‌ട്രോസിന് രണ്ട് ഓപ്ഷനുകളുണ്ട്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക്ക് ഡീസൽ. ഇരു എൻജിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. 82 ബി.എച്ച്.പി കരുത്താണ് പെട്രോൾ മോഡലിന്. 113 എൻ.എം ടോർക്കും ലഭിക്കും. ഡീസൽ എൻജിൻ 90 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും പുറപ്പെടുവിക്കുന്നു. ആദ്യഘട്ടത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ പുറത്തിറക്കുന്നില്ല എന്നതാണ് ഏക പോരായ്മ.

tata-2

ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള പുതിയ പ്രീമിയം ഹാച്ച്ബാക്ക് മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി എലൈറ്റ് ഐ 20, ഹോണ്ട ജാസ് എന്നീ മോഡലുകളോട് വിപണിയിൽ മത്സരിക്കാൻ പോവുന്നത്.